Loading ...

Home National

മ​ഹാ​രാ​ഷ്ട്രയുടെ വി​ധി ചൊ​വ്വാ​ഴ്ച

മുംബൈ: മഹാരാഷ്ട്രയിലെ വിശ്വാസവോട്ടെടുപ്പ് ഉടന്‍ നടത്തണമെന്ന ഹര്‍ജിയില്‍ വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചതോടെ ബിജെപിക്ക് ഒരു ദിവസത്തേക്കുകൂടി ആശ്വാസം. അജിത് പവാര്‍ അടക്കമുള്ള എന്‍സിപി എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ബിജെപി ആവര്‍ത്തിക്കുമ്ബോഴും നേരത്തെ അജിത് പവാറിനൊപ്പം പോയ മിക്ക എംഎല്‍എമാരും എന്‍സിപി ക്യാമ്ബിലേക്ക് തന്നെ തിരിച്ചെത്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സുപ്രീംകോടതി വിധി പ്രസ്താവിക്കുന്നത് വരെ ബിജെപിയും അജിത് പവാറും എന്തെല്ലാം അടവുനയങ്ങളും രഹസ്യനീക്കങ്ങളും നടത്തുമെന്ന് കണ്ടറിയണം. തിങ്കളാഴ്ച കേസില്‍ വിധി പറയാതിരുന്നതോടെ രാഷ്ട്രീയനീക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും അവര്‍ക്ക് ഒരുദിവസം കൂടി ലഭിച്ചിരിക്കുകയാണ്. വിശ്വാസ വോട്ടെടുപ്പിന് ഗവര്‍ണര്‍ 14 ദിവസം നല്‍കിയിട്ടുണ്ടെന്നും സ്പീക്കറെ തിരഞ്ഞെടുക്കേണ്ടതുണ്ടെന്നുമായിരുന്നു സുപ്രീംകോടതിയില്‍ ബിജെപിക്കായി ഹാജരായ മുകുള്‍ റോത്തഗിയുടെ വാദം. ഗവര്‍ണറുടെ നടപടിയില്‍ കോടതി ഇടപെടരുതെന്നും ആവശ്യമുയര്‍ന്നു. എന്നാല്‍ ഈ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ബിജെപിക്ക് അടിയന്തരമായി വിശ്വാസവോട്ടെടുപ്പിനെ നേരിടേണ്ടിവരും. നിലവില്‍ എന്‍സിപിയിലെ എത്ര എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് ബിജെപിനേതാക്കളാരുംകൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. ഇതിനിടെ നേരത്തെ അജിത് പവാറിനൊപ്പം പോയ അഞ്ച് എംഎല്‍എമാരില്‍ നാലുപേരും എന്‍സിപി ക്യാമ്ബില്‍ തിരിച്ചെത്തിയതായി എന്‍സിപിയും അവകാശപ്പെട്ടിരുന്നു.എന്നാല്‍ ഏവരെയും ഞെട്ടിച്ച്‌ വന്‍ അട്ടിമറിയിലൂടെ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ദേവേന്ദ്ര ഫഡ്‌നാവിസും ബിജെപിയും ഭൂരിപക്ഷം തെളിയിക്കാന്‍എന്ത് മാര്‍ഗം തേടുമെന്നതും പ്രവചനാതീതമാണ്. ശനിയാഴ്ച തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നായിരുന്നു ശിവസേന,എന്‍സിപി,കോണ്‍ഗ്രസ് ത്രികക്ഷി സഖ്യത്തിന്റെ ആവശ്യം. എന്നാല്‍ ഞായറാഴ്ച രാവിലെയാണ് ഇവരുടെ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചത്. പിന്നീട് കൂടുതല്‍ വാദം കേള്‍ക്കാന്‍ തിങ്കളാഴ്ചയിലേക്ക് മാറ്റി. ഒടുവില്‍ തിങ്കളാഴ്ച ഒന്നരമണിക്കൂറിലേറെ നീണ്ട വാദംകേള്‍ക്കല്‍ പൂര്‍ത്തിയാക്കിയാണ് മൂന്നംഗ ബെഞ്ച് ഇടക്കാല വിധി പറയുന്നത് ചൊവ്വാഴ്ചയിലേക്ക് മാറ്റിവെച്ചത്.

Related News