Loading ...

Home Kerala

"നമ്മള്‍ നമുക്കായി" ജനകീയാസൂത്രണ പദ്ധതിയുടെ പ്രചാരണത്തിന് സര്‍ക്കാര്‍ തുടക്കം കുറിച്ചു

മഹാപ്രളയത്തില്‍ ഉലഞ്ഞു പോയ കേരളത്തെ മുന്പ് ഉണ്ടായിരുന്നതിനേക്കാള്‍ മികവുറ്റതായി പുനര്‍നിര്‍മിക്കുവാനായി സമൂഹത്തിലെ നാനാ തുറയില്‍പ്പെട്ട ജനങ്ങളുടെ ആശയവും അഭിപ്രായങ്ങളും ക്രോഡീകരിച്ചു നടപ്പിലാക്കുവാനായി 'നമ്മള്‍ നമുക്കായി' എന്ന പേരില്‍ ജനകീയാസൂത്രണ മാതൃകയില്‍ പ്രചാരണത്തിന് സര്‍ക്കാര്‍ തുടക്കം കുറിച്ചു. 2018 ആഗസ്റ്റ് മാസത്തിലെ മഹാപ്രളയത്തില്‍ ഉലഞ്ഞുപോയ കേരളത്തെ മുമ്ബ് ഉണ്ടായിരുന്നതിനെക്കാള്‍ മികവുറ്റതായി പുനര്‍നിര്‍മിക്കുക എന്ന സുപ്രധാന ദൗത്യമെന്ന നിലയിലാണ് റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവിന് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുള്ളത്. പ്രളയാനന്തരം, അടിയന്തിര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും ശേഷം കേരളം ശ്രദ്ധ പതിപ്പിച്ചത് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളിലായിരുന്നു. എന്നാല്‍ പശ്ചാത്തല സൗകര്യങ്ങളുടെയും ഭൂവ്യവസ്ഥകളുടെയും പുന:സ്ഥാപനം വന്‍ മുതല്‍മുടക്കും സമയവും വേണ്ടിവരുന്ന പ്രകിയയാണ്. പ്രളയാനന്തര കേരള പുനര്‍നിര്‍മാണം ലക്ഷ്യമിട്ടുകൊണ്ട് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കേരള പുനര്‍നിര്‍മാണ വികസന പരിപാടി (Rebuild Kerala Development Program - RKDP) യുടെ നയരേഖ സര്‍ക്കാര്‍ അംഗീകരിച്ച്‌ നടപ്പാക്കി വരുന്നു. പുനര്‍നിര്‍മാണത്തെ സംബന്ധിച്ച പരമ്ബരാഗത സമീപനം പാടേ മാറ്റിവച്ചുകൊണ്ടുള്ള ഒരു നയസമീപനമാണ് കേരള പുനര്‍നിര്‍മാണ വികസന പരിപാടിയില്‍ സ്വീകരിച്ചിട്ടുള്ളത്. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്ന ഒരു സമഗ്ര പ്രവര്‍ത്തന പദ്ധതി റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തില്‍ രൂപപ്പെടുത്തിയിട്ടുണ്ട്. പ്രളയ ദുരന്തത്തില്‍നിന്നുള്ള അതിജീവനം എന്നത് ഒരു വെല്ലുവിളിയായും അവസരമായും കണ്ട്, ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്തങ്ങളെക്കൂടി അതിജീവിക്കാനാകുന്ന വിധം കരുത്തോടെ കേരളത്തെ പുനര്‍നിര്‍മിക്കുക എന്നതാണ് കേരള പുനര്‍നിര്‍മാണ വികസന പരിപാടി (Rebuild Kerala Development Program -RKDP) ലക്ഷ്യമിടുന്നത്. പരിസ്ഥിതി സൗഹൃദവും അതിജീവനക്ഷമതയുള്ളതുമായ കേരളം എന്ന ലക്ഷ്യത്തിലേക്ക് വഴികാട്ടുന്ന മാര്‍ഗരേഖയാണ് RKDP. ഇത്തരത്തിലുള്ള പുനര്‍നിര്‍മാണത്തിന് ഉതകുന്ന മേഖലാടിസ്ഥാനത്തിലുള്ളതും (Sector based) വിവിധ മേഖലകളുമായി ബന്ധപ്പെട്ടു കിടക്കുന്നതുമായ (cross-cutting)നയസമീപനം, സ്ഥാപനതലത്തിലും നിയന്ത്രണതല-ത്തിലുമുള്ള പ്രവര്‍ത്തനങ്ങള്‍, മുന്‍ഗണന നല്‍കേണ്ട പദ്ധതികള്‍ തുടങ്ങിയവ RKDPയില്‍ ഉള്‍പ്പെടുന്നു. വെള്ളപ്പൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്നുള്ള മറ്റു ഭീഷണികളും പരിഗണിക്കുന്നതും ഭാവിയിലെ ദുരന്തങ്ങളെക്കൂടി ചെറുക്കാന്‍ ശേഷിയുള്ളതുമായ കേരളപുനര്‍നിര്‍മാണത്തിന് കരുത്തേകുന്നതാണ് RKDP. ഈ നയരേഖ വികസന പങ്കാളികള്‍ക്കു മുമ്ബാകെ അവതരിപ്പിച്ച്‌ പുനര്‍നിര്‍മ്മാണത്തിനാവശ്യമായ വിഭവ സമാഹരണം സാദ്ധ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് കേരള പുനര്‍നിര്‍മാണ പരിപാടി ആദ്യഘട്ടത്തില്‍ മുന്‍ഗണന നല്‍കിയിട്ടുള്ളത്. അതിലൂടെ ലോകബാങ്കടക്കമുള്ള വികസന പങ്കാളികളില്‍ നിന്നും സാമ്ബത്തിക സഹായം ലഭ്യമാക്കാന്‍ നമുക്കായിട്ടുണ്ട്. വിപുലമായ ചര്‍ച്ചകള്‍ നടത്താതെയാണ് RKDP തയ്യാറാക്കിയിട്ടുള്ളത് എന്നത് ന്യൂനതയായി സര്‍ക്കാര്‍ കരുതുന്നു. അതുകൊണ്ടുതന്നെ ആര്‍കെഐ മുന്നോട്ടു വയ്ക്കുന്ന നയപരമായ നിര്‍ദ്ദേശങ്ങള്‍, കേരളത്തിലെ പൊതു സമൂഹവുമായി നടത്തുന്ന വിപുലമായ ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും അടിസ്ഥാനത്തില്‍ സമ്ബുഷ്ടമാക്കേണ്ടതുണ്ട്. 2019-ലും വെള്ളപ്പൊക്കം ആവര്‍ത്തിച്ചതോടെ ദുരന്തപ്രതിരോധ/ നിവാരണ സംവിധാന-ങ്ങളിലും സമീപനങ്ങളിലും കാതലായ മാറ്റം വരേണ്ടതുണ്ടെന്ന തിരിച്ചറിവ് പൊതുസമൂഹത്തില്‍ ഉണ്ടായിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ പ്രാദേശിക സമൂഹകേന്ദ്രീകൃത ദുരന്ത നിവാരണ/ പ്രതിരോധ പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കണമെന്ന ആവശ്യം പൊതു സമൂഹത്തില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുമുണ്ട്. നിലനില്‍ക്കുന്ന രീതിശാസ്ത്രത്തില്‍ നിന്നുള്ള മാറ്റമാണ് പ്രളയം ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളെ മറികടക്കാനുള്ള മാര്‍ഗമായി നാം വിലയിരുത്തുന്നത്. കേരളം പരമ്ബരാഗതമായി പാലിച്ചു പോരുന്ന കാഴ്ചപ്പാടുകളിലും നയസമീപനങ്ങളിലും ആവശ്യമായ തിരുത്തലുകള്‍ വരുത്തി മുന്നേറിയാല്‍ മാത്രമേ അതിജീവനക്ഷമതയുള്ള കേരള സമൂഹം എന്ന മഹത്തായ ലക്ഷ്യം നേടാനാകൂ. ജനകീയ പങ്കാളിത്തത്തോടെ ഇത്തരം തിരുത്തലുകള്‍ ആവശ്യമായ മേഖലകള്‍ കണ്ടെത്തുക എന്ന ലക്ഷ്യവുമായി, വിദഗ്ധരെ മാത്രമല്ല, സംസ്ഥാനത്തെ എല്ലാ ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട്, അവരുടെ അറിവും അനുഭവവും ആശയങ്ങളും കൂടി ഉള്‍ക്കൊണ്ടു കൊണ്ട് തികച്ചും ജനകീയവും പ്രായോഗികവുമായ രീതിയില്‍ ഒരു ജനപങ്കാളിത്ത ക്യാമ്ബയിന് തുടക്കം കുറിക്കുകയാണ്. ആര്‍കെഐയുടെ നേതൃത്വത്തില്‍ ഏറ്റെടുക്കുന്ന 'നാം നമുക്കായി' എന്ന് പേരിട്ടിരിക്കുന്ന ജനകീയാസൂത്രണ മാതൃകയിലുള്ള ഈ ക്യാമ്ബയിന് രണ്ട് ഘടകങ്ങളാണ് ഉണ്ടാകുക. 1. ജനകീയ പങ്കാളിത്തത്തോടെ അതിജീവനക്ഷമത ഉറപ്പാക്കുന്നതിലേക്കാവശ്യമായ നയ വ്യതിയാനങ്ങളും തിരുത്തലുകളും കണ്ടെത്തുന്നതിനുള്ള വിപുലമായ ക്യാമ്ബയിന്‍. 2. എല്ലാ തദ്ദേശ സ്വയംഭരണ സര്‍ക്കാരുകളിലും ദുരന്ത മാനേജ്മെന്റ് പ്ലാനുകള്‍ ആസൂത്രണം ചെയ്യല്‍. ജനങ്ങളില്‍നിന്നുള്ള ആശയരൂപീകരണത്തിനായി ചുവടെ പറയുന്ന മേഖലകളെ ആസ്പദമാക്കിയാണ് ചര്‍ച്ചകള്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്നത്. 1. ഭൂവിനിയോഗം
2. ജല പരിപാലനം
3. വനപരിപാലനം
4. പ്രാദേശിക സമൂഹവും അതിജീവനവും
5. ഗതാഗതം, വാര്‍ത്താവിനിമയം, സാങ്കേതികവിദ്യ
പ്രത്യേക ഗ്രാമ സഭകളിലൂടെ ഉരുത്തിരിഞ്ഞ് പ്രത്യേക നിയമസഭാസമ്മേളത്തില്‍ പര്യവസാനിക്കുന്ന വിധത്തില്‍ വിവിധ തലങ്ങളിലായാണ് ക്യാമ്ബയിന് രൂപം നല്‍കിയിട്ടുള്ളത്. പ്രാദേശിക ജനവിഭാഗങ്ങള്‍, യുവാക്കള്‍, പണ്ഡിതര്‍, ആഗോള മലയാളി സമൂഹം, അന്താരാഷ്ട്ര വിദഗ്ദ്ധര്‍ എന്നിങ്ങനെ പല വിഭാഗങ്ങളുമായി നേരിട്ട് സംവദിക്കുന്ന തരത്തിലാണ് കാമ്ബയിന്‍ ആവിഷ്കരിച്ചിട്ടുള്ളത്. താഴെ പറയുന്ന വിവിധ തലങ്ങളിലായാണ് ചര്‍ച്ചകളും സംവാദങ്ങളും നടക്കുക. 1. പ്രത്യേക ഗ്രാമസഭ:
കേരളത്തിന്റെ പ്രാദേശിക ആസൂത്രണത്തിന്റെ ഏറ്റവും താഴെ തട്ടിലുള്ള ഗ്രാമസഭകളുടെ പ്രത്യേക സമ്മേളനം വിളിച്ച്‌ ഈ പ്രക്രിയയില്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതാണ്. മുഖ്യമന്ത്രി അടക്കമുള്ളവര്‍ പങ്കെടുക്കുന്ന ഗ്രാമസഭകള്‍ പുനര്‍നിര്‍മ്മാണം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തും. ഇത്തരം ഗ്രാമസഭകളില്‍ ഉരുത്തിരിയുന്ന നിര്‍ദ്ദേശങ്ങള്‍ പഞ്ചായത്ത് തലത്തില്‍ ക്രോഡീകരിക്കുകയും അവ ജില്ലാതലങ്ങളിലെ സമഗ്ര ചര്‍ച്ചക്ക് വിധേയമാക്കുകയും ചെയ്യും.
2. കേരളത്തിലെ അക്കാദമിക സമൂഹത്തെയും യുവാക്കളെയും ഉള്‍പ്പെടുത്തികൊണ്ട് സര്‍വ്വകലാശാലകളുടെ ആഭിമുഖ്യത്തില്‍ വിപുലമായ ചര്‍ച്ചകള്‍. 3. വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ സാങ്കേതിക വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക വിഷയങ്ങളില്‍ വിശാലമായ ടെക്നിക്കല്‍ സെഷനുകള്‍. 4. കേരളത്തിനകത്തും പുറത്തുമുള്ള പൊതുസമൂഹത്തിന് ഈ വിഷയങ്ങളില്‍ തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും രേഖപ്പെടുത്താനവസരം നല്‍കുന്ന തരത്തില്‍ ഓണ്‍ലൈന്‍ സംവിധാനം. 5. കേരള ഡയസ്പോറയുടെ വൈദഗ്ദ്ധ്യം ഉപയോഗപ്പെടുത്താനുതകുന്ന വിധത്തില്‍ കേന്ദ്രീകരിച്ചുള്ള വെര്‍ച്ച്‌വല്‍ ചര്‍ച്ചകള്‍. 6. മുകളില്‍ പ്രതിപാദിച്ച അഞ്ച് തലങ്ങളിലെ ചര്‍ച്ചകളില്‍ ഉരുത്തിരിയുന്ന നിര്‍ദ്ദേശങ്ങള്‍ വിഷയാടിസ്ഥാനത്തില്‍ ആര്‍.കെ.ഐ.യുടെ നേതൃത്വത്തില്‍ സമാഹരിച്ച്‌ (വിദഗ്ദ്ധ സമിതികള്‍ തയ്യാറാക്കുന്ന ടെക്നിക്കല്‍ പേപ്പറുകള്‍) ആഗോളതലത്തിലുള്ള വിവിധ മേഖലകളിലെ വിദഗ്ദ്ധരുമായി ചര്‍ച്ച ചെയ്യാന്‍ അടുത്ത ഘട്ടത്തില്‍ ഒരു അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിക്കും. 7. ഇത്തരത്തിലുള്ള സെമിനാറില്‍ നിന്നും ഉരുത്തിരിയുന്ന നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്‌ ആവശ്യമെങ്കില്‍ നിയമ നിര്‍മ്മാണവുമായി ബന്ധപ്പെട്ടും പ്രത്യേക നിയമസഭാ സമ്മേളനം. 8. ദുരന്ത ലഘൂകരണം, തയ്യാറെടുപ്പ്, disaster management എന്നീ മേഖലകളില്‍ ജനകീയ പങ്കാളിത്തവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വപരമായ ഇടപെടലും ഉറപ്പാക്കി, പ്രാദേശികമായി ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയാല്‍ ദുരന്തപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ക്രിയാത്മകവും ലക്ഷ്യകേന്ദ്രീകൃതവുമാകും. ഇതുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുഖേന തുടക്കമിടാനായിട്ടുണ്ട്. ഇത് കേരളം മുഴുവനായും വ്യാപിപ്പിക്കേണ്ടത് ഇക്കഴിഞ്ഞ പ്രളയത്തിന്റെ കൂടി പശ്ചാത്തലത്തില്‍ നാം ഏറ്റവും പ്രാധാന്യത്തോടെ ഏറ്റെടുക്കേണ്ട പ്രവര്‍ത്തനമാണ്. ഇതിനായി താഴെ പറയുന്ന പരിപാടികളാണ് ജനപങ്കാളിത്തോടെ ഏറ്റെടുത്ത് നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്. 1. സാമൂഹിക ദുരന്ത പ്രതിരോധ സന്നദ്ധ സേന (Civil Defense Force): 2017ല്‍ അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത് പോലെ കേരളം പൂര്‍ണ്ണമായും Civil Defense സംസ്ഥാനമായി പ്രഖ്യാപിച്ചു. രാജ്യത്ത് ആദ്യമായി ആണ് ഒരു സംസ്ഥാനം പൂര്‍ണ്ണമായും Civil Defense സംസ്ഥാനമായി പ്രഖ്യാപിക്കുന്നത്. സാധാരണ ഗതിയില്‍ ചില പട്ടണങ്ങളും, ജില്ലകളും മാത്രമാണ് ഈ രീതിയില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. അഗ്നി സുരക്ഷാ വകുപ്പിനോട് ചേര്‍ന്നാണ് ഈ സംവിധാനം നിലവില്‍ വന്നിട്ടുള്ളത്. ഈ സേനയിലൂടെ ജില്ലകളില്‍ കേന്ദ്രീകൃതമായ സാമൂഹിക ദുരന്ത പ്രതിരോധ സന്നദ്ധ സേന തയ്യാറാക്കും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തില്‍ Civil Defense Institute തൃശ്ശൂരില്‍ സ്ഥാപിതമായിട്ടുണ്ട്. ഈ സ്ഥാപനത്തിലൂടെ സംസ്ഥാനത്ത് സാമൂഹിക ദുരന്ത പ്രതിരോധ സന്നദ്ധ സേനയെ പരിശീലിപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നത്. 2. ജനകീയ പ്രതിരോധ സന്നദ്ധ സംഘം: വ്യവസ്ഥാപിത സംവിധാനങ്ങള്‍ക്ക് പുറമെ പൊതു സമൂഹത്തിലെ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അവരവരുടെ വൈദഗ്ധ്യം ദുരന്ത സമയങ്ങളില്‍ സമൂഹത്തെ സഹായിക്കുവാന്‍ സാധിക്കുന്ന തരത്തില്‍ ആവശ്യമായ പരിശീലനത്തോടെ കേരളത്തിലെ എല്ലാ ജില്ലകളിലും ലഭ്യമാക്കുവാന്‍ സംസ്ഥാന-ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെ കീഴില്‍ ഏകീകൃത സംവിധാനം സൃഷ്ടിക്കും. 3. തദ്ദേശ സ്വയംഭരണ സര്‍ക്കാരുകളുടെ ദുരന്ത ലഘൂകരണ പദ്ധതികള്‍ (Local Self Government Disaster Management Plans): ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സര്‍ക്കാരുകളിലൂടെ മുഖ്യധാരവത്ക്കരിക്കുന്നതിനും, അതാത് തദ്ദേശ സ്വയംഭരണ സര്‍ക്കാരുകളുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദുരന്ത സാധ്യതകള്‍ ലഘൂകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുവാനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഈ ആവശ്യത്തിനായി കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സര്‍ക്കാരുകളുടെയും ദുരന്ത ലഘൂകരണ പദ്ധതികള്‍ അടിയന്തിരമായി തയ്യാറാക്കും.
തദ്ദേശ സ്വയംഭരണ സര്‍ക്കാരുകളുടെ അടുത്ത വര്‍ഷത്തെ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന അവസരത്തില്‍ തന്നെ ദുരന്തപ്രതിരോധത്തിനും അതിജീവനത്തിനും ഉള്ള പ്രാദേശികമായ പദ്ധതികളും ആസൂത്രണം ചെയ്ത് അംഗീകരിക്കുക വഴി പ്രാദേശിക സര്‍ക്കാരുകളുടെ പദ്ധതി ആസൂത്രണത്തില്‍ മെച്ചപ്പെട്ട ദുരന്ത പ്രതിരോധവും അതിജീവനക്ഷമതയും ഉറപ്പാക്കാനാകും. എല്ലാ ജനപ്രതിനിധികളും അവര്‍ താമസിക്കുന്ന പ്രദേശത്തെ ഗ്രാമസഭകളില്‍ പങ്കെടുത്ത് നേതൃത്വപരമായ പങ്ക് വഹിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
ഇതോടൊപ്പം തന്നെ കേരളത്തിന്റെ ദുരന്ത പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നതിലേക്കായി താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ വിവിധ വകുപ്പുകളുടെയും സമൂഹത്തിന്റെയും പിന്തുണയോടു കൂടി ഏറ്റെടുക്കേണ്ടതുണ്ട്. 1. ദുരന്ത പരിപാലനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളില്‍ ദുരന്തപരിപാലന പദ്ധതികള്‍ ആവിഷ്കരിക്കുക. (preparation of Departmental Disaster Management) ദുരന്ത നിവാരണത്തില്‍ ഭാഗഭാക്കാകേണ്ടതായി കണ്ടത്തിയിട്ടുള്ളത് 26 വകുപ്പുകളാണ്. ഇവയിലെല്ലാം തന്നെ ദുരന്തപരിപാലന പദ്ധതികള്‍ ആവിഷ്കരിക്കും. 2. സ്കൂള്‍, ആശുപത്രി മുതലായ കെട്ടിടങ്ങളുടെ ദുരന്താതിജീവനക്ഷമത തിട്ടപ്പെടുത്തുക: സംസ്ഥാനത്തെ എല്ലാ സ്കൂള്‍, ആശുപത്രി കെട്ടിടങ്ങളുടെയും സുരക്ഷാ പരിശോധന ഒരു പ്രത്യേക ദൗത്യമായി ഏറ്റെടുക്കും. ഇതിനായി പരിശീലന പരിപാടികള്‍ ആവിഷ്കരിച്ച്‌ നടപ്പാക്കുവാന്‍ ആരംഭിച്ചിട്ടുണ്ട്. 3. ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കാളികളായ 8 വകുപ്പുകളില്‍ ദുരന്ത ലഘൂകരണ സങ്കല്‍പ്പിക കേഡര്‍ നടപ്പാക്കുകയും അവരുടെ 3 ദിവസ പരിശീലനം പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ഈ 8 വകുപ്പുകളുടെ ദുരന്ത ലഘൂകരണ പദ്ധതികള്‍ അടുത്ത 6 മാസത്തിനുള്ളില്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കും. 4. വിപുലമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ ദുരന്ത ലഘൂകരണ പദ്ധതികളില്‍ ഉള്‍പ്പെടുന്ന പ്രവര്‍ത്തനങ്ങള്‍, സംസ്ഥാന-ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളും, തദ്ദേശ സ്വയംഭരണ വകുപ്പും സംസ്ഥാന ആസൂത്രണ ബോര്‍ഡും സംയുക്തമായി ഏറ്റെടുക്കുന്നതാണ്. തദ്ദേശ സ്ഥാപനങ്ങളുടെ ദുരന്ത ലഘൂകരണ പദ്ധതികള്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് കില മുഖേനയായിരിക്കും.

Related News