Loading ...

Home National

ഇന്ത്യ ദിവസേന ഉത്പാദിപ്പിക്കുന്ന പ്ലാസ്റ്റിക് 25000 ടണ്‍; വലിച്ചെറിയുന്നത് 40%

പ്രകൃതിഭംഗി നിറഞ്ഞ രാജ്യമാണ് ഇന്ത്യ. എന്നാല്‍ പ്രകൃതിയെ നശിപ്പിക്കുന്ന, ഭാവിയില്‍ പിറക്കുന്ന തലമുറകള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിക്കുന്ന പെരുമാറ്റങ്ങളിലും ഇന്ത്യക്കാര്‍ പിന്നിലല്ല. പ്രതിദിനം ഇന്ത്യ ഉത്പാദിപ്പിക്കുന്ന പ്ലാസ്റ്റികിന്റെ കണക്ക് ആരെയും ഞെട്ടിക്കാന്‍ പോന്നതാണ്. 25,000 ടണ്‍ പ്ലാസ്റ്റിക്കാണ് ഇന്ത്യ ദിവസേന ഉത്പാദിപ്പിക്കുന്നതെന്ന് ലോക്‌സഭയില്‍ പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി. ഇതില്‍ 40% പ്ലാസ്റ്റിക്കും ശേഖരിക്കാന്‍ കഴിയാതെ പ്രകൃതിയില്‍ വലിച്ചറിയപ്പെടുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സഭയെ അറിയിച്ചു. എംഎംസിജി മേഖലയിലെ ഉപയോഗം മൂലം പ്ലാസ്റ്റികിന്റെ ഉപയോഗം വന്‍തോതില്‍ വര്‍ദ്ധിച്ചതായി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യുന്നതില്‍ വലിയ വെല്ലുവിളിയാണ് ഈ മാറ്റം ഉയര്‍ത്തുന്നത്. 'സാമ്ബത്തിക വളര്‍ച്ചയ്‌ക്കൊപ്പം കണ്‍സ്യൂമര്‍ ഉത്പന്നങ്ങളുടെ ആവശ്യവും വര്‍ദ്ധിക്കുകയാണ്. എഫ്‌എംസിജി മേഖലയാണ് ഇതില്‍ ഒരു ഘടകം. കാഠിന്യവും, ഈടുനില്‍ക്കുന്നതും, കുറഞ്ഞ ചെലവും മൂലം പാക്കേജിംഗ് ചെയ്യാന്‍ ഏറ്റവും വിശ്വസിക്കാവുന്ന ഉത്പന്നമായി പ്ലാസ്റ്റിക് മാറി, ഇതോടെ പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യുന്നത് വെല്ലുവിളിയുമായി', ജാവദേക്കര്‍ കൂട്ടിച്ചേര്‍ത്തു. പ്ലാസ്റ്റിക്കിന് പകരം ഒരു വസ്തു നിര്‍മ്മിക്കുന്നത് വിലയുടെ കാര്യം വരുമ്ബോള്‍ വെല്ലുവിളി ആയി മാറുന്നതായി മന്ത്രി മറ്റൊരു ചോദ്യത്തിന് മറുപടി നല്‍കി. എന്നാല്‍ പ്ലാസ്റ്റിക് മാലിന്യം നിയന്ത്രിക്കാന്‍ പകരം വഴികള്‍ കണ്ടുപിടിക്കാന്‍ മന്ത്രാലയം ശ്രമങ്ങള്‍ നടത്തുന്നുണ്ട്, അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ 60 നഗരങ്ങളില്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ പരിശോധന പ്രകാരം ദിവസേന 4059 ടണ്‍ പ്ലാസ്റ്റിക് ഉത്പാദിപ്പിക്കപ്പെടുന്നു. ഇന്ത്യ മുഴുവന്‍ 25000 ടണ്‍ പ്ലാസ്റ്റിക്കാണ് ദിവസേന പുറത്തെത്തുന്നത്. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി 2022ഓടെ രാജ്യം ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കില്‍ നിന്നും രക്ഷനേടാനുള്ള ശ്രമത്തിലാണ്.

Related News