Loading ...

Home Business

ഈ നികുതി തുരുത്തുകളില്‍ രാജാക്കന്‍മാര്‍ നഗ്നരാണ് by കെ.പി മന്‍സൂര്‍

എല്ലാം സുരക്ഷിതമെന്നു കരുതി തമ്പുരാക്കന്‍മാര്‍ സ്വസ്ഥമായിരുന്ന നീണ്ട ഒരു വര്‍ഷം 76 രാജ്യങ്ങളിലെ മിടുക്കരായ 375 മാധ്യമ പ്രവര്‍ത്തകര്‍ ഊണും ഉറക്കവുമിളച്ച് കഠിന തപസ്സിലായിരുന്നു. ഒറ്റപ്പെട്ട കൊച്ചുദ്വീപുകളിലെ ഇല്ലാ കമ്പനികളില്‍ അതീവ രഹസ്യമായി ശതകോടികള്‍ ഒളിപ്പിച്ചുവെച്ച ഭരണാധികാരികള്‍, സെലിബ്രിറ്റികള്‍, രാഷ്ട്രീയ പ്രതിനിധികള്‍, വ്യവസായികള്‍ എന്നിവരുടെ കഥകള്‍ ഇവര്‍ പുറത്തുവിട്ടപ്പോഴാകട്ടെ ഞെട്ടിയത് നേതാക്കള്‍ മാത്രമല്ല, ലോകം മുഴുക്കെയാണ്.പട്ടികയില്‍ എല്ലാവരുമുണ്ട്. വ്ളാദിമിര്‍ പുടിന്‍ മുതല്‍ ഷി ജിന്‍പിങ്, നവാസ് ശരീഫ്, ഡേവിഡ് കാമറണ്‍, ബശ്ശാറുല്‍ അസദ്, ഹുസ്നി മുബാറക്, പെട്രോ പൊറോഷെങ്കോ വരെ നീളുന്ന ലോക രാഷ്ട്രീയ നേതാക്കള്‍, സാക്ഷാല്‍ ലയണല്‍ മെസി മുതല്‍ ജാക്കി ചാന്‍, അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ് വരെ നീളുന്ന സെലിബ്രിറ്റികള്‍, കെ.പി സിങ്, വിനോദ് അദാനി, ഇഖ്ബാല്‍ മിര്‍ചി, സമീര്‍ ഗെഹ്ലോട്ട്, തുടങ്ങി വ്യവസായികള്‍... നമ്മുടെ രാജ്യത്തു മാത്രം 5,00 പേര്‍ പട്ടികയിലുണ്ടെന്ന് ഇന്ത്യയുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച ഇന്ത്യന്‍ എക്സ്പ്രസ് പറയുമ്പോള്‍ ഇനിയുമെത്ര ഞെട്ടേണ്ടിവരും നമ്മള്‍. യൂറോപ്യന്‍ ഫുട്ബാളിലെ 20 പ്രമുഖരെങ്കിലും മെസിക്കൊപ്പമുണ്ട്, കള്ളപ്പണം വെളുപ്പിച്ചവരായി. ബ്രിട്ടനില്‍ കാമറണ്‍ മാത്രമല്ല, ഐസ്ലന്‍ഡ് പ്രധാനമന്ത്രിയും ‘പ്രതി’പ്പട്ടികയിലുണ്ട്.

മൊസാക് ഫൊന്‍സേകയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടം
 
മൊസാക് ഫൊന്‍സേക
കള്ളപ്പണം വെളുപ്പിക്കുന്ന വന്‍കിടക്കാരുടെ പ്രധാന താവളങ്ങളിലൊന്നായ പനാമയെന്ന കരീബിയന്‍ ദ്വീപ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിയമസഹായ സ്ഥാപനമാണ് മൊസാക് ഫൊന്‍സേക. നികുതിയില്ലാ ദ്വീപുകളില്‍ വന്‍കിടക്കാര്‍ക്കു വേണ്ടി ഇവര്‍ സ്വന്തം പേരില്‍ കമ്പനികള്‍ തുറക്കും. ഒൗദ്യോഗിക രേഖകളില്‍ പേര് ഉപയോഗിക്കാത്തതിനാല്‍ യഥാര്‍ഥ ഉടമ ആരെന്ന് പുറത്തറിയില്ല. അമേരിക്ക ഉപരോധമേര്‍പെടുത്തിയ ഇറാനിലെയും ഉത്തരകൊറിയയിലെയും 33 സ്ഥാപനങ്ങള്‍ക്കു വേണ്ടിവരെ കമ്പനികള്‍ തുറന്നുകൊടുത്തിട്ടുണ്ട്, ഇവര്‍. 1977ല്‍ ജര്‍മന്‍ വംശജനായ പനാമ പൗരന്‍ യുര്‍ഗെന്‍ മൊസാക് സ്ഥാപിച്ച കമ്പനി ഒരു പതിറ്റാണ്ട് കഴിഞ്ഞ് റാമോണ്‍ ഫൊന്‍സേക മോറയുമായി സഹകരിക്കുന്നതോടെയാണ് മൊസാക് ഫൊന്‍സേകയെന്ന് പേരിലേക്ക് മാറുന്നത്. അതീവ നിഗൂഢമായ പ്രവര്‍ത്തന രീതികളുമായി ലോകത്തുടനീളം നിറഞ്ഞുനില്‍ക്കുന്ന കമ്പനിക്ക് 35 രാജ്യങ്ങളില്‍ ശാഖകളുണ്ട്. കരീബിയന്‍ രാജ്യങ്ങള്‍ക്കു പുറമെ സ്വിറ്റ്സര്‍ലന്‍ഡ്, ഹോങ്കോങ് എന്നിവ അതില്‍ ചിലതാണ്.  മൊസക് ഫൊന്‍സേകയടക്കമുള്ള ഇടനിലക്കാര്‍ക്ക് കൈകാര്യത്തുകയായി പണം നല്‍കണം. രണ്ടു ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ കൊടുത്താല്‍ രണ്ടു ദിവസംകൊണ്ട് ഒരു കമ്പനിയുണ്ടാക്കി കോടികള്‍ നിക്ഷേപിക്കാനുള്ള സൗകര്യമുണ്ട്. ഇതാണ് ലോകനേതാക്കളും വ്യവസായികളും താരങ്ങളും ഉപയോഗപ്പെടുത്തിയത്. നിക്ഷേപകര്‍ക്ക് ഒരു വിദേശ മേല്‍വിലാസവും പ്രത്യേക à´‡-മെയില്‍ വിലാസവും നല്‍കും.  നിക്ഷേപകരുടെ പാസ്പോര്‍ട്ട് ആദ്യം സമര്‍പ്പിക്കണം. പാസ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ഇവരെക്കുറിച്ച് അന്വേഷണം നടത്തും. പാനമ, സീഷല്‍സ്, ബ്രിട്ടീഷ് വെര്‍ജിന്‍ ദ്വീപുകള്‍, ബഹാമസ് തുടങ്ങിയ ചെറുദ്വീപ് രാഷ്ട്രങ്ങളിലായി 24,000ത്തോളം തട്ടിക്കൂട്ട് കമ്പനികളിലായാണ് പണം നിക്ഷേപിച്ചിരുന്നത്.
 
പട്ടികയില്‍ ഉള്‍പ്പെട്ട പ്രമുഖര്‍
 
പട്ടികയിലെ താരത്തിളക്കം
റഷ്യ,ചൈന തുടങ്ങിയ വന്‍കിട രാജ്യങ്ങളുടെ മേധാവികള്‍ മാത്രമല്ല, പട്ടികക്ക് താരത്തിളക്കം നല്‍കുന്നത്. ബോളിവുഡിലെ അതിമാനുഷരായ അമിതാഭ് ബച്ചന്‍, മരുമകള്‍ ഐശ്വര്യ റായ് എന്നിവരും ഈ ദ്വീപുകളില്‍ വ്യാജ കമ്പനികളുണ്ടാക്കി കോടികള്‍ നിക്ഷേപിച്ചതായാണ് റിപ്പോര്‍ട്ട്. ബി.ജെ.പിയുടെ അടുത്ത രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ബിഗ് ബിയുടെ പേര് ഉയര്‍ന്നു കേള്‍ക്കുന്നതിനിടെ പുതിയ വിവാദമുണ്ടായത് തീര്‍ച്ചയായും അദ്ദേഹത്തിന്‍െറ രാഷ്ട്രീയ കരിയറിനെ ബാധിക്കും. ബച്ചനു മാത്രം 1993 മുതല്‍ നാലു കമ്പനികള്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന. ഐശ്വര്യക്ക് അമിക് പാര്‍ട്ണേഴ്സ് എന്ന പേരില്‍ ഒന്നും. ഹോളിവുഡ് സാന്നിധ്യമായ ജാക്കി ചാന്‍, സ്പാനിഷ് സംവിധായകന്‍ പെഡ്രോ അല്‍മൊദോവര്‍, സഹോദരന്‍ അഗസ്റ്റിന്‍, ഫിഫ മുന്‍ പ്രമുഖരായ മിഷേല്‍ പ്ളാറ്റിനി, യൂജിനിയോ ഫിഗറഡോ തുടങ്ങിയവരും നികുതി വെട്ടിക്കാന്‍ വന്‍തുക വിദേശത്ത് നിക്ഷേപിച്ചവരാണ്.
സ്പെയിനില്‍ നികുതിവെട്ടിപ്പ് കേസ് അന്വേഷണം നേരിടുന്ന മെസിക്ക് ഇരട്ട ആഘാതമായാണ് പുതിയ വെളിപ്പെടുത്തല്‍ വരുന്നത്. മെഗാ സ്റ്റാര്‍ എന്‍റര്‍പ്രൈസസ് എന്ന പേരിലാണ് പനാമ ദ്വീപില്‍ അദ്ദേഹത്തിനു വേണ്ടി കമ്പനി ‘പ്രവര്‍ത്തിച്ചത്’. ബാഴ്സലോണ, റയല്‍ മഡ്രിഡ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടീമുകളിലെ വേറെയും പ്രമുഖര്‍ പട്ടികയിലുണ്ട്. എക്കാലത്തെയും മികച്ച 100 കളിക്കാരിലൊരാളായി തെരഞ്ഞെടുക്കപ്പെട്ട ചിലി സ്ട്രൈക്കര്‍ ഇവാന്‍ സമൊറാനൊ, കഴിഞ്ഞ വര്‍ഷം പ്രിമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റിയുടെ ടോപ് സ്കോററായിരുന്ന ലിയോനാര്‍ഡോ ഉലോവ... പട്ടിക നീളും.
പനാമ ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രമുഖര്‍
 

റഷ്യന്‍ പ്രസിഡന്‍റ് വ്ളാദ്മിര്‍ പുടിന്‍െറ സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവരുടെ പേരില്‍ മാത്രം 200 കോടി ഡോളര്‍ രഹസ്യനിക്ഷേപമുള്ളതായാണ് കണക്ക്. പനാമയില്‍ തുടങ്ങി സ്വിറ്റ്സര്‍ലന്‍ഡ്, സൈപ്രസ് തുടങ്ങിയ രാജ്യങ്ങള്‍ വഴി റഷ്യന്‍ ബാങ്കിലത്തെുന്നതാണ് പുടിന്‍െറ അനധികൃത സാമ്പത്തിക വിനിമയങ്ങള്‍. ഉറ്റസുഹൃത്ത് സെര്‍ജി റോള്‍ഡുഗിന്‍െറ പേരിലായിരുന്നു ഇവയിലേറെയും. അര്‍കാഡി, ബോറിസ് റോടെന്‍ബര്‍ഗ് എന്നീ സുഹൃത്തുക്കളും സംശയിക്കപ്പെടുന്നുണ്ട്.
രാജ്യത്തിനകത്തും ബ്രിട്ടനിലുള്‍പ്പെടെ വിദേശത്തും വന്‍തോതില്‍ സമ്പാദ്യമുള്ള പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്‍െറ മക്കള്‍ നികുതി വെട്ടിക്കാന്‍ ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകളില്‍ നാലു വ്യാജ കമ്പനികള്‍ സ്ഥാപിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. ലണ്ടന്‍ ഹൈഡ് പാര്‍ക്കിനഭിമുഖമായി ആറ് ആഡംബര ഭവനങ്ങള്‍ സ്വന്തമാക്കി അവയില്‍ നാലെണ്ണത്തിന് ഈ വ്യാജ കമ്പനികള്‍ വഴി ഫണ്ടൊഴുക്കിയതായാണ് ആരോപണം. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോക്കെതിരെയും ആരോപണമുണ്ട്.
 
വെളിപ്പെടുത്തല്‍ നടത്തിയ ‘ഇന്‍റര്‍നാഷനല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റിവ് ജേണലിസ്റ്റി’ന്‍റെ പ്രമുഖാംഗങ്ങള്‍
 
തുല്യതയില്ലാത്ത വെളിപ്പെടുത്തല്‍
ലോകം കണ്ടതില്‍ ഏറ്റവും വലിയ വെളിപ്പെടുത്തലാണ് ‘പാനമ പേപേഴ്സ്’ എന്ന് നിസ്സംശയം പറയാം. മുമ്പ് രഹസ്യം ചോര്‍ത്തലുമായി ബന്ധപ്പെട്ട സ്നോഡന്‍ ഫയലുകളും എച്ച്.എസ്.ബി.സി സ്വിസ് ശാഖയിലെ അക്കൗണ്ട് വിവരങ്ങളുമാണ് ലോകം പരിചയിച്ച വലിയ വെളിപ്പെടുത്തലുകള്‍. എന്നാല്‍, രാജ്യാതിര്‍ത്തികള്‍ക്കതീതമായി സഹകരിച്ച് മാധ്യമപ്രവര്‍ത്തകര്‍ ഇത്തരമൊരു ഓപറേഷന്‍ നടത്തുന്നത് അന്താരാഷ്ട്ര മാധ്യമ ചരിത്രത്തില്‍ ആദ്യം. പനാമയിലെ നിയമസഹായ കമ്പനിയായ മൊസാക് ഫൊന്‍സെകയില്‍നിന്ന് 11.5 ദശലക്ഷം രേഖകളാണ് ജര്‍മന്‍ പത്രമായ സുഡച്ച് സേതുങ്ങിന് ചോര്‍ന്നുകിട്ടിയത്. 76 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 106 സ്ഥാപനങ്ങള്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ ആഗോള കൂട്ടായ്മയായ ഇന്‍റര്‍നാഷനല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റിവ് ജേണലിസ്റ്റിനു കീഴില്‍ ഇവ വിഭജിച്ചു പഠന വിധേയമാക്കി. 25 ഓളം മാധ്യമ പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തി ഇന്ത്യക്കു പ്രാധാന്യം നല്‍കി പഠനം നടത്തിയ ഇന്ത്യന്‍ എക്സ്പ്രസ് മാത്രം 36,000 ഓളം രേഖകള്‍ വിശകലനം നടത്തി.
ഇ-മെയിലുകള്‍, സാമ്പത്തിക രേഖകള്‍, പാസ്പോര്‍ട്ട്, കോര്‍പറേറ്റ് ഘടനയുടെ വിശദാംശങ്ങള്‍ എന്നിവ പരിശോധിക്കുന്ന ജോലി ഏറെ ശ്രമകരമായിരുന്നുവെന്ന് പിന്നില്‍ പ്രവര്‍ത്തിച്ച മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. 1970 മുതല്‍ 2015 വരെ ഫൊന്‍സെക ഉപയോഗിച്ച രേഖകള്‍ 2.6 ടി.ബി വരും. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ മാധ്യമങ്ങള്‍ നീണ്ടനാളുകള്‍ പരിശോധിച്ച വിക്കിലീക്സ് രേഖകള്‍ 1.7 ജി.ബിയാണ് ഉണ്ടായിരുന്നതെന്ന് ഓര്‍ക്കുക.
ഇനിയെന്ത്?
രേഖകളിലെ പേരുകള്‍ ഇനിയുമേറെയുണ്ട് പുറത്തുവരാന്‍. നിലവില്‍ രംഗത്തുള്ളവരും അല്ലാത്തവരുമായി 12 ഭരണാധികാരികളാണ് പട്ടികയിലുണ്ടായിരുന്നത്. രാഷ്ട്രീയ നേതാക്കള്‍ അതിന്‍െറ അനേക ഇരട്ടിവരും. രേഖകള്‍ പുറത്തുവന്നതോടെ പലരുടെയും രാജിക്കായി മുറവിളി ഉയര്‍ന്നുകഴിഞ്ഞു. ഐസ്ലന്‍ഡ്, ബ്രിട്ടന്‍, പാകിസ്താന്‍ തുടങ്ങിയ  രാജ്യങ്ങളില്‍ രാജി ആവശ്യവുമായി പ്രതിപക്ഷം രംഗത്തത്തെികഴിഞ്ഞു. ചൈന, സിറിയ പോലുള്ള രാജ്യങ്ങളില്‍ പതിവു പോലെ ഇതും ജനം അറിഞ്ഞിട്ടില്ല. റഷ്യക്കെതിരായ ഗൂഢാലോചനയാണിതെന്നു പറഞ്ഞ് ക്രൈംലിന്‍ വിഷയം തള്ളിയിട്ടുണ്ട്. ആസ്ട്രേലിയ, ഓസ്ട്രിയ, ബ്രസീല്‍, ഫ്രാന്‍സ്, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങള്‍ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. അധികാരത്തിലിരിക്കുന്നതും അധികാരമൊഴിഞ്ഞവരുമായി രണ്ടു ഡസന്‍ രാഷ്ട്രനേതാക്കളുടെ പേരുകള്‍ പനാമ പേപ്പേഴ്സില്‍ പരാമര്‍ശിക്കുന്നുണ്ട്. രേഖകള്‍ മുഴുവനും പരിശോധിച്ചു തീരാന്‍ ഇനിയും സമയമെടുക്കും. അതിലൂടെ ഇനിയും വിവാദങ്ങള്‍ ഉയരുമെന്ന് ഉറപ്പ്.
 
ഇന്ത്യ നടപടിയെടുക്കുമോ?
നികുതിവെട്ടിക്കാന്‍ വിദേശത്ത് കമ്പനി തുറക്കുന്നതിനെതിരെ ശക്തമായ നിയമങ്ങളുള്ള ഇന്ത്യയിലെ 500പേര്‍ കുരുക്കിലാണെന്ന വാര്‍ത്ത പുറത്തുവന്നയുടന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി  നേരിട്ട് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത് ശുഭോദര്‍ക്കമാണ്. രാജ്യത്തെ ജനം അര്‍ഹിക്കുന്ന നികുതിപ്പണം വെട്ടിച്ച് ശതകോടികള്‍ വിദേശത്ത് നിക്ഷേപിച്ചവരുടെ പേരുവിവരങ്ങള്‍ കൂടുതല്‍ പുറത്തുവന്നാല്‍ ഇനിയുമേറെ പേര്‍ വെട്ടിലാകാന്‍ സഹായിക്കും. സമഗ്രമായ അന്വേഷണം നടത്തുമെന്ന് കള്ളപ്പണ നിക്ഷേപം അന്വേഷിക്കുന്ന പ്രത്യേക സംഘത്തലവന്‍ റിട്ട. ജസ്റ്റിസ് à´Žà´‚.ബി. à´·à´¾ അറിയിച്ചിട്ടുണ്ട്. 2013ലാണ് വിദേശത്ത് കമ്പനി തുടങ്ങാന്‍ ഇന്ത്യക്കാര്‍ക്ക് അനുമതി ലഭിക്കുന്നത്. എന്നാല്‍, പട്ടികയില്‍ പേരുള്ളവര്‍ അതിനു മുമ്പേ വിദേശത്ത് കമ്പനി തുടങ്ങി നികുതിയില്‍ നിന്ന് ഒഴിവാകാന്‍ ശ്രമിച്ചവരാണ്. കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്നും കള്ളപ്പണക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും പ്രഖ്യാപിച്ച പ്രധാനമന്ത്രി എത്ര കണിശമായി വിഷയത്തില്‍ ഇടപെടുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

Related News