Loading ...

Home Kerala

'തോടുകള്‍ തിരികെ പിടിക്കുന്നു; ഇല്ല.. ഇനി പ്രളയത്തിനും ഞങ്ങളെ തോല്‍പ്പിക്കാനാകില്ല'

കോട്ടയം: ഇനിയൊരു പ്രളയത്തിനും കീഴ്‌പ്പെടുത്താന്‍ കഴിയാത്ത പ്രതിരോധക്കോട്ടയിലൂടെ കോട്ടയവും ചുവടുവയ്‌ക്കുന്നു. ഒഴുക്ക്‌ തടസ്സപ്പെടാതിരിക്കാന്‍, പരമാവധി ജലം സംഭരിക്കാന്‍ തോടുകളെയും നദികളെയും പുനരുജ്ജീവിപ്പിക്കലാണ്‌ പദ്ധതിയുടെ കാതല്‍. ഏതാനും മാസങ്ങളായി നടക്കുന്ന കൂട്ടായ പ്രവര്‍ത്തനങ്ങള്‍ പലയിടത്തും ലക്ഷ്യം കൈവരിച്ചു. പ്രളയരഹിത ജില്ലയായി കോട്ടയത്തെ പുതുക്കിയെടുക്കാന്‍ ചെറുകിട ജലസേചന വിഭാഗത്തിനൊപ്പം വിവിധ സര്‍ക്കാര്‍ വകുപ്പുകളും കൈകോര്‍ത്തു. വിവിധ വകുപ്പുകള്‍ വ്യത്യസ്‌തമായ പദ്ധതികള്‍ നടപ്പാക്കുമ്ബോഴുള്ള താളപ്പിഴകള്‍ പരിഹരിക്കാനും ഉതകുന്നതാണ്‌ ഈ ഏകോപന മികവ്‌. കൃഷി, ജലസേചനം, മീനച്ചിലാര്‍--മീനന്തറയാര്‍--കൊടൂരാര്‍ പുനര്‍സംയോജനം എന്നീ വിഭാഗങ്ങള്‍ക്കൊപ്പം ഹരിത കേരളമിഷനും കൈകോര്‍ത്തതാണ്‌ ജില്ലയുടെ പച്ചപ്പിനും തെളിനീരിനും പ്രേരകമായത്‌. ജനകീയ കൂട്ടായ്‌മകളില്‍ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നതിനാല്‍ താഴേതട്ടിലുള്ള നിര്‍ദേശങ്ങളും പദ്ധതികളുടെ വിജയത്തിന്‌ തിളക്കം കൂട്ടുന്നു. തോടുകള്‍ അടഞ്ഞതും നീരൊഴുക്ക്‌ കുറഞ്ഞതുമാണ്‌ കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തിന്റെ ആഘാതം കൂട്ടിയത്‌. ഇത്‌ മുന്‍നിര്‍ത്തിയാണ്‌ ചെളിനീക്കം ചെയ്‌ത്‌ ആഴം കൂട്ടാനുള്ള പദ്ധതിക്ക്‌ തുടക്കമിട്ടത്‌. ജില്ലയിലാകെ 22. 20 കോടി രൂപയുടെ പദ്ധതികള്‍ക്ക്‌ അംഗീകാരമായി. ദുരന്ത നിവാരണത്തിനായി(എസ്‌ഡിആര്‍എഫ്‌) അനുവദിച്ച ഫണ്ടില്‍ നിന്നാണ്‌ തുക അനുവദിച്ചത്‌. കോട്ടയം, ചങ്ങനാശേരി, മീനച്ചില്‍, കാഞ്ഞിരപ്പള്ളി, വൈക്കം താലൂക്കുകളിലായി 102 പദ്ധതികളില്‍ 15 എണ്ണം പൂര്‍ത്തീകരിച്ചു. ചാലമറ്റം--വെള്ളാത്തോട്‌ (മേലുകാവ്‌), കോലോത്തുപറ --കാച്ചേരി തോട്‌ (മാഞ്ഞൂര്‍), മുള്ളംകുളം തോട്‌ (മാഞ്ഞൂര്‍), കാളത്തേരി--വടക്കേത്തോട്‌, കൊരട്ടിത്തോട്‌, പാറയില്‍തോട്‌, പരമ്ബന്‍ തോട്‌ (കല്ലറ), മണിപ്പുഴ തോട്‌ (കോട്ടയം), കോട്ടത്തോട്‌ (കുമരകം), ഇളയിടത്തുപാടത്തിനു ചുറ്റുമുള്ള തോട്‌ (നീണ്ടൂര്‍), കുടമാളൂര്‍--മാങ്ങാനം--അതിരമ്ബുഴ ബന്ധിപ്പിക്കുന്ന 110 പാടശേഖരം തുടങ്ങിയ പൂര്‍ത്തിയായതിലുണ്ട്‌. കുമരകത്ത്‌ മൂന്ന്‌, നാല്‌ വാര്‍ഡുകളിലൂടെ കടന്നുപോകുന്ന തോണിക്കടവ്‌ തോടിന്റൈ നവീകരണം വ്യാഴാഴ്‌ച തുടങ്ങി. ഒമ്ബത്‌ ലക്ഷം രൂപയാണ്‌ പദ്ധതിയുടെ വകയിരുത്തല്‍. തോടുകള്‍ക്കൊപ്പം പാടശേഖരങ്ങളുടെ പുറംബണ്ട്‌ ബലപ്പെടുത്തല്‍, സംരക്ഷണഭിത്തിക്ക്‌ കല്ലുകെട്ടല്‍, നദികളിലെ തടയണകളില്‍ അടിഞ്ഞ മരക്കമ്ബുകളും മണ്ണും നീക്കം ചെയ്യല്‍ എന്നീ പദ്ധതികളും ജലസേചനവിഭാഗം ഏറ്റെടുത്തിട്ടുണ്ട്‌. മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെയാണ്‌ ചെളിനീക്കല്‍. വാരിയെടുക്കുന്ന ചെളി തോടുകളുടെ ഇരുകരകളിലുമായി നിക്ഷേപിക്കുന്നു. തൊഴിലുറപ്പില്‍ പ്പെടുത്തി കയര്‍ഭൂവസ്‌ത്രം വിരിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടക്കും. വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കിടന്ന തോടുകളുംപുനരുജ്ജീവിപ്പിച്ചതിലുണ്ട്‌. കൊടൂരാറിന്റെ ഭാഗമായ മണിപ്പുഴ തോട്‌ ഇത്തരത്തിലുള്ളതാണ്‌. 6.80 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു വൃത്തിയാക്കല്‍. മീനച്ചിലാര്‍--മീനന്തറയാര്‍--കൊടൂരാര്‍ പുനര്‍സംയോജന പദ്ധതിയിലൂടെ 3000 കിലോമീറ്റര്‍ തോട്‌ വൃത്തിയാക്കിയെന്നാണ്‌ റിപ്പോര്‍ട്ട്‌. 1200 ഹെക്ടര്‍ തരിശുപാടങ്ങള്‍ കൃഷിയോഗ്യമാക്കുന്നതിനും ഇതുപകരിച്ചു.

Related News