Loading ...

Home National

രാജ്യത്ത്‌ കൊലപാതകനിരക്ക്‌ ഏറ്റവും കുറവ്‌ കേരളത്തില്‍; മുന്നില്‍ ഉത്തര്‍പ്രദേശ്‌

രാജ്യത്ത്‌ കൊലപാതകനിരക്ക്‌ ഏറ്റവും കുറവ്‌ കേരളത്തില്‍. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ്‌ ബ്യൂറോ(എന്‍സിആര്‍ബി)യുടെ കണക്കുപ്രകാരം 2017ല്‍ ഒരുലക്ഷത്തില്‍ 0.8 ആണ്‌ കേരളത്തിലെ കൊലപാതകനിരക്ക്‌. 1.2 നിരക്കുള്ള ജമ്മു -കശ്‌മീരാണ്‌ തൊട്ടുപിന്നില്‍. ഏറ്റവും കൂടുതല്‍ കൊലപാതകം നടന്നത്‌ ഉത്തര്‍പ്രദേശിലാണ്‌. -4,324 എണ്ണം. രാജ്യത്തുണ്ടായ മൊത്തം കൊലപാതകങ്ങളില്‍ 15.1 ശതമാനമാണിത്‌. രാജ്യത്താകെ നടന്നത്‌ 28,098 കൊലപാതകമാണ്‌. അരുണാചല്‍പ്രദേശ്‌(5.9), ജാര്‍ഖണ്ഡ്‌(4.3), ഹരിയാന(3.7) എന്നിവയാണ്‌ കൂടിയ കൊലപാതകനിരക്കുള്ള സംസ്ഥാനങ്ങള്‍. കേന്ദ്രഭരണപ്രദേശങ്ങളില്‍ ഡല്‍ഹിയാണ്‌ മുന്നില്‍. 2017ല്‍ 487 എണ്ണമാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. 2015ല്‍ 570ഉം 2016ല്‍ 528 ഉം ആണിത്‌. ലക്ഷദ്വീപില്‍ ഈ വര്‍ഷങ്ങളില്‍ കൊലപാതകം നടന്നില്ല. കേരളത്തില്‍ കൊലപാതകങ്ങളുടെ എണ്ണം കുറഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2015ല്‍ 334 കൊലപാതകമാണ്‌ നടന്നത്‌. 2016, 2017 വര്‍ഷങ്ങളില്‍ 305 എണ്ണമായി. വസ്‌തുതര്‍ക്കം(11), കുടുംബകലഹം(64), വാക്കുതര്‍ക്കം(25), പണത്തെച്ചൊല്ലിയുള്ള തര്‍ക്കം(ഒമ്ബത്‌) എന്നിങ്ങനെയാണ് 2017ലെ കണക്ക്. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ 107ഉം വ്യക്തിഗതനേട്ടത്തിനായി 16ഉം കൊലപാതകം നടന്നു. അവിഹിതബന്ധങ്ങളുടെ പേരില്‍ 17ഉം പ്രണയത്തകര്‍ച്ചയെത്തുടര്‍ന്ന്‌ നാലും വ്യക്തമായ കാരണങ്ങളില്ലാതെ 12ഉം കൊലപാതകമുണ്ടായി. രാഷ്ട്രീയകാരണങ്ങളാല്‍ അഞ്ച്‌, ദുരഭിമാനത്തിന്റെ പേരില്‍ രണ്ട്‌, മനോരോഗത്തെത്തുടര്‍ന്ന്‌ മൂന്ന്‌, വര്‍ഗീയകാരണങ്ങളാല്‍ രണ്ട്‌, മറ്റു കാരണങ്ങളാല്‍ 28 എന്നിങ്ങനെയും കൊലപാതകം നടന്നു. തട്ടിക്കൊണ്ടുപോകല്‍, ബന്ദിയാക്കല്‍ എന്നീ കുറ്റകൃത്യങ്ങളിലും കേരളത്തിലെ നിരക്ക്‌ 0.8 ആണ്‌. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏറ്റവും കുറഞ്ഞ നിരക്ക്‌ മിസോറമിലാണ്‌(-0.4). ഏറ്റവും ഉയര്‍ന്ന നിരക്ക്‌ അസമിലും(23.9). തൊട്ടടുത്തുള്ള ഹരിയാനയിലെ നിരക്ക്‌ 15.7 ആണ്‌. പട്ടികജാതിക്കാര്‍ക്കുനേരെയുള്ള അതിക്രമങ്ങളില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്‌ ബിഹാറി(40.7)ലാണ്‌. ഏറ്റവും കുടുതല്‍ അതിക്രമം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌ ഉത്തര്‍പ്രദേശിലാണ്‌. -11,444 അതിക്രമമാണുണ്ടായത്‌. സ്‌ത്രീകള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ ഏറ്റവും കൂടുതല്‍ അസമിലും കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ സിക്കിമിലുമാണ്‌.

Related News