Loading ...

Home National

രാജ്യത്തെ സൈന്യം ഇനി മൂന്ന് വിഭാഗമല്ല, ഒന്നാകും; ആദ്യ പ്രതിരോധ മേധാവിയെ അടുത്തമാസം നിയമിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂദല്‍ഹി : രാജ്യത്തിന്റെ ആദ്യ പ്രതിരോധ മേധാവിയെ അടുത്ത മാസത്തോടെ നിയമിക്കും. അതോടെ ഇന്ത്യയുടെ മൂന്ന് സൈന്യത്തിനും ഒറ്റമേധാവി എന്നത് നിലവില്‍ വരും. കരസേനാ മേധാവി ബിപിന്‍ റാവത്ത് ഡിസംബര്‍ 31ന് വിരമിക്കും. അതിനു മുന്നോടിയായി ആദ്യ പ്രതിരോധ മേധാവിയെ (ചീഫ് ഓഫ് ഡിഫെന്‍സ് സ്റ്റാഫ്) നിയമിക്കുമെന്നാണ് സൂചന. പ്രതിരോധ വൃത്തങ്ങളാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. സിഡിഎസിനോടൊപ്പം പുതിയ കര സേനാ മേധാവിയേയും പ്രതിരോധ മന്ത്രാലയം പ്രഖ്യാപിക്കും. കര, വ്യോമ, നാവിക സേനാ മേധാവികള്‍ ഇനി സിഡിഎസിനു കീഴിലായിട്ടാകും പ്രവര്‍ത്തിക്കുക. ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ കേന്ദ്ര സര്‍ക്കാരിനു കൈമാറും. ദോവലിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ ആസൂത്രണ സമിതിയാണ് സിഡിഎസ് സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. സിഡിഎസ് നിയമിതനായാലും സേനകളുടെ തലവന്മാര്‍ക്ക് അവരുടെ നിലവിലെ ചുമതല അതുപോലെ തന്നെ തുടരാന്‍ സാധിക്കും. ഒറ്റ സൈനാധിപന് നാലു സ്റ്റാറുകളാണ് ഉണ്ടാവുക. ഭാവിയില്‍ ഇന്ത്യന്‍ ആര്‍മിയുടെ ആയുധ ആവശ്യങ്ങള്‍ക്കായിരിക്കും അദ്ദേഹം മുന്‍ഗണന നല്‍കുക. ഇന്ത്യയുടെ വടക്ക് കിഴക്ക്, വടക്ക് പടിഞ്ഞാറ് ഭാഗത്തായിരിക്കും കൂടുതല്‍ സുരക്ഷ ഉറപ്പു വരുത്തുക. മൂന്നു സേനകളേയും സംയുക്തമായാണ് ഇവിടെ വിന്യസിക്കുക. സായുധ സേനയില്‍ സംയുക്ത പങ്കാളിത്തം വളരെ പ്രധാനമാണെന്ന് മുന്‍ നോര്‍ത്തേണ്‍ കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ ബി.എസ്. ജസ്വാള്‍ അറിയിച്ചു.

Related News