Loading ...

Home Kerala

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ

തിരുവനന്തപുരം: കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്കു ശാശ്വത പരിഹാരം ഉറപ്പാക്കുന്ന ഇടമണ്‍- കൊച്ചി പവര്‍ ഹൈവേ നവംബര്‍ 18 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അടൂര്‍ ഗ്രീന്‍ വാലി ഓഡിറ്റോറിയത്തില്‍ നാളെ വൈകിട്ട് അഞ്ചിനു നടക്കുന്ന ചടങ്ങിലാണ് ഉദ്ഘാടനം. വൈദ്യുതി മന്ത്രി എം.എം മണി അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും. വനം മന്ത്രി അഡ്വ.കെ.രാജു, ജലവിഭവ മന്ത്രി കെ.കൃഷ്ണന്‍കുട്ടി, ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍, തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, പട്ടികജാതി പട്ടികവര്‍ഗ മന്ത്രി എ.കെ ബാലന്‍, ടൂറിസം-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ആന്റോ ആന്റണി എം.പി, എം.എല്‍.എമാരായ ചിറ്റയം ഗോപകുമാര്‍, മാത്യു ടി തോമസ്, എം.കെ മുനീര്‍, കെ.ബി ഗണേഷ് കുമാര്‍, ഒ.രാജഗോപാല്‍, രാജു ഏബ്രഹാം, വീണാ ജോര്‍ജ്, കെ.യു ജനീഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാ ദേവി, ജില്ലാ കളക്ടര്‍ പി.ബി നൂഹ്, അടൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഷൈനി ബോബി, തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങള്‍, പവര്‍ഗ്രിഡ് ഉദ്യോഗസ്ഥര്‍, കെ.ഇ.സി ഇന്റര്‍നാഷണല്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൈദ്യുതി വകുപ്പ് സെക്രട്ടറി ഡോ.ബി.അശോക് പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിക്കും. സംസ്ഥാനത്തെ വൈദ്യുതി മേഖലയ്ക്ക് വലിയ പ്രോത്സാഹനമായി ഇടമണ്‍-കൊച്ചി പവര്‍ ലൈന്‍ ചാര്‍ജിംഗ് തുടങ്ങി. ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ പൂര്‍ത്തിയായതോടെ 400 കെ.വി ശൃംഖലയിലൂടെ ഇന്ത്യയുടെ ഏതു ഭാഗത്തുനിന്നും കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനാവും. ഇടമണ്‍-കൊച്ചി 400 കെ.വി.ലൈന്‍ (148.3 കി.മീ) പൂര്‍ത്തിയായതോടെ കേരളത്തിന്റെ വൈദ്യുതി മേഖലയില്‍ വലിയ മാറ്റമുണ്ടാക്കുന്ന തിരുനെല്‍വേലി-കൊച്ചി-ഉദുമല്‍പെട്ട് 400 കെ.വി പവര്‍ ഹൈവേ (437 കി.മീ)യാണ് യാഥാര്‍ഥ്യമായിരിക്കുന്നത്. 2000 മെഗാവാട്ട് പ്രസരണശേഷിയുള്ള ഈ ലൈനിലൂടെ വൈദ്യുതി എത്തി തുടങ്ങിയപ്പോള്‍ കേരളത്തിലെ പ്രസരണ ശൃംഖലയില്‍ ശരാശരി രണ്ടു കിലോ വോള്‍ട്ട് വര്‍ധന സാധ്യമായി. പരമാവധി ശേഷിയില്‍ വൈദ്യുതി എത്തിച്ചിരുന്ന ഉദുമല്‍പെട്ട്-പാലക്കാട്, മൈസൂര്‍-അരീക്കോട് അന്തര്‍സംസ്ഥാന ലൈനുകളിലെ വൈദ്യുത പ്രവാഹനിലയില്‍ ആനുപാതികമായി കുറവ് വരുത്താനും കഴിഞ്ഞു. 2000 മെഗാവാട്ട് ശേഷിയുള്ള കൂടംകുളം ആണവ വൈദ്യുത നിലയത്തില്‍ നിന്നും കേരളത്തിന്റെ വൈദ്യുതി വിഹിതമായ 266 മെഗാവാട്ട്, പ്രസരണ നഷ്ടം കുറച്ച്‌ സംസ്ഥാനത്ത് എത്തിക്കുന്നതിന് വേണ്ടി ആസൂത്രണം ചെയ്തിട്ടുള്ള ലൈനിലൂടെ ഈ വര്‍ഷം സെപ്തംബര്‍ 25നാണ് വൈദ്യുതി കടത്തിവിട്ടു തുടങ്ങിയത്. കേരളത്തിന്റെ സ്ഥാപിത വൈദ്യുതോത്പാദന ശേഷി 2980 മെഗാവാട്ടാണ്. എന്നാല്‍ സംസ്ഥാനത്തിന്റെ വൈദ്യുതി ഉപയോഗം 4350 മെഗാവാട്ട് വരെ ഉയര്‍ന്നിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ലഭിക്കുന്ന വില കുറഞ്ഞ വൈദ്യുതി ഇവിടേക്ക് എത്തിച്ചാണ് ഈ കുറവ് പരിഹരിക്കുന്നത്. കേരളത്തിലേക്കുള്ള ഹൈ-വോള്‍ട്ടേജ് വൈദ്യുതി ലൈനുകളുടെ കുറവ് മൂലം ഇതര സംസ്ഥാനങ്ങളില്‍ നിന്നും വൈദ്യുതി കൊണ്ടുവരുന്നതിന് ലോഡ് ഡെസ്പാച്ച്‌ സെന്ററുകള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതുവരെ കേരളത്തിന്റെ വൈദ്യുതി ഇറക്കുമതി ശേഷി 2920 മെഗാവാട്ട് മാത്രമായിരുന്നു. തിരുനെല്‍വേലി-കൊച്ചി ലൈന്‍ പൂര്‍ത്തിയായതോടെ ലൈനുകളുടെ ശേഷി വര്‍ധിച്ചു. ഈ ലൈന്‍ പൂര്‍ത്തിയാകുന്നതിന് മുമ്ബ് കൂടംകുളത്ത് നിന്നും ലഭിച്ചിരുന്ന 266 മെഗാവാട്ട് വൈദ്യുതി ഉദുമല്‍പെട്ട് വഴി കേരളത്തിലേക്ക് എത്തുമ്ബോള്‍ ഏകദേശം 20 മെഗാവാട്ട് (വര്‍ഷം 102 ദശലക്ഷം യൂണിറ്റ്) പ്രസരണ നഷ്ടം സംഭവിച്ചിരുന്നു. പല സമയങ്ങളിലും സംസ്ഥാനത്തിന് 400 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഉണ്ടായിരുന്നു. കൂടാതെ പുറമെ നിന്ന് വൈദ്യുതി എത്തിക്കുന്ന ലൈനുകള്‍ പരമാവധി ശേഷിക്ക് അടുത്തുമെത്തിയിരുന്നു. ഇതിനെല്ലാം ശാശ്വത പരിഹാരമായിരിക്കുകയാണ്.

Related News