Loading ...

Home Business

എയര്‍ടെല്ലിനും വൊഡഫോണ്‍--ഐഡിയക്കും 74000 കോടി നഷ്ടം

ന്യൂഡല്‍ഹി> എയര്‍ടെല്‍, വൊഡഫോണ്‍-- ഐഡിയ എന്നീ സ്വകാര്യ ടെലികോം കമ്ബനികള്‍ക്ക്‌ നടപ്പുവര്‍ഷം രണ്ടാം പാദത്തില്‍ 74,000 കോടിരൂപ നഷ്ടം. എയര്‍ടെല്ലിന്‌ നഷ്ടം 23,045 കോടിയും വൊഡഫോണ്‍-- ഐഡിയക്ക്‌ 50,921 കോടി രൂപയുമാണ്‌ നഷ്ടം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 119 കോടിരൂപയുടെ ലാഭം എയര്‍ടെല്‍ രേഖപ്പെടുത്തിയിരുന്നു. വൊഡഫോണ്‍-- ഐഡിയ രേഖപ്പെടുത്തിയ 50,921 കോടിരൂപ നഷ്ടം രാജ്യത്ത്‌ കോര്‍പറേറ്റ്‌ സ്ഥാപനം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നഷ്ടമാണ്‌. 2018 മൂന്നാം പാദത്തില്‍ ടാറ്റ മോട്ടോഴ്‌സ്‌ രേഖപ്പെടുത്തിയ 26,961 കോടിരൂപ നഷ്ടക്കണക്കാണ്‌ വൊഡഫോണ്‍-- ഐഡിയ മറികടന്നത്‌. സ്‌പെക്‌ട്രം ഉപയോഗം, ലൈസന്‍സ്‌ ഫീ ഇനങ്ങളിലായി വരുമാനത്തില്‍നിന്ന്‌ നിശ്ചിത തുക (എജിആര്‍) ടെലികോം കമ്ബനികള്‍ നല്‍കണമെന്ന ടെലികോം വകുപ്പിന്റെ ആവശ്യം അടുത്തിടെ സുപ്രീംകോടതി അനുവദിച്ചിരുന്നു. എജിആര്‍ ഇനത്തില്‍ എയര്‍ടെല്‍ 21,682 കോടിരൂപയും വൊഡഫോണ്‍-- ഐഡിയ 28,308 കോടിരൂപയുമാണ്‌ ടെലികോം വകുപ്പിന്‌ നല്‍കേണ്ടത്‌. എജിആര്‍ ഇനത്തില്‍ സര്‍ക്കാരിന്‌ നല്‍കേണ്ട തുക ബാലന്‍സ്‌ ഷീറ്റില്‍ ഉള്‍പ്പെടുത്തിയതോടെയാണ്‌ രണ്ട്‌ കമ്ബനികളുടെയും നഷ്ടം കുതിച്ചുയര്‍ന്നത്‌. എജിആര്‍ ഇനത്തില്‍ എയര്‍ടെല്‍ 28,450 കോടിരൂപയും വൊഡഫോണ്‍-- ഐഡിയ 25,677.9 കോടി രൂപയുമാണ്‌ കണക്കില്‍ ഉള്‍ക്കൊള്ളിച്ചത്‌. എജിആര്‍ തുക അടയ്‌ക്കുന്നതില്‍ ഇളവുതേടി രണ്ട്‌ കമ്ബനിയും കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്‌. സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജിക്കും സാധ്യത തേടുന്നുണ്ട്‌.

Related News