Loading ...

Home Kerala

പകുതിയോളം ഇന്ത്യന്‍ യുവാക്കള്‍ വരുംകാല ജോലികള്‍ക്ക് പ്രാപ്‌തരല്ലെന്ന്‌ യുനിസെഫ്

തൃശ്ശൂര്‍: 2030-ഓടെ ഇന്ത്യന്‍ യുവജനതയിലെ 53 ശതമാനം പേരും വരുംകാല ജോലികള്‍ക്കു പ്രാപ്തരല്ലാത്തവരാകുമെന്ന് യുനിസെഫ് റിപ്പോര്‍ട്ട്. ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങളില്‍ 54 ശതമാനം യുവജനങ്ങള്‍ വരുംകാല ജോലികള്‍ക്കു പ്രാപ്തരല്ലെന്നും യുനിസെഫിന്റെ വിദ്യാഭ്യാസ കമ്മിഷനും ഗ്ലോബല്‍ ബിസിനസ് കൊളിഷന്‍ ഫോര്‍ എജ്യുക്കേഷനും ചേര്‍ന്നുനടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. ആഗോള ശരാശരിയെക്കാള്‍ താഴെയാണ് ഇന്ത്യന്‍ യുവാക്കളുടെ പ്രവര്‍ത്തന മികവ്. ശരാശരി വരുമാനവും കുറഞ്ഞ വരുമാനവുമുള്ള പ്രദേശങ്ങളില്‍ യുനിസെഫ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഇത്തരം രാഷ്ട്രങ്ങളില്‍ 2030-ഓടെ 150 കോടിയോളം യുവാക്കളുണ്ടാവും. അവരില്‍ 88 കോടിയോളം പേര്‍ ജോലികള്‍ക്കാവശ്യമായ നൈപുണ്യം ഇല്ലാത്തവരായിരിക്കും. ഒക്ടോബര്‍ 30-നാണ് റിപ്പോര്‍ട്ട് പുറത്തിറങ്ങിയത്. മനുഷ്യപ്രവര്‍ത്തനങ്ങളെ ലഘൂകരിക്കുന്ന ഡിജിെറ്റെസേഷന്‍, ഓട്ടോമേഷന്‍ തുടങ്ങിയ സാങ്കേതികവിദ്യകള്‍ കൂടുതല്‍ പ്രാവര്‍ത്തികമാകുന്നതോടെ വിദഗ്ധ ജോലികളുടെ സ്വഭാവത്തിലും സാരമായ മാറ്റമുണ്ടാവും. 'ഇന്‍ഡസ്ട്രി 4.0' എന്നുവിളിക്കുന്ന പുതിയ വ്യവസായവിപ്ലവത്തിന്റെ കാലത്ത് അതിനൂതന സാങ്കേതികവിദ്യകള്‍ പുതിയ ജോലിസാധ്യതകള്‍ സൃഷ്ടിക്കുമെന്നും കരുതുന്നു. പ്രവൃത്തിപരിചയത്തില്‍ കിട്ടുന്ന അവസരക്കുറവ്, തൊഴില്‍മികവ് നേടാനുള്ള പരിമിതികള്‍, കൈക്കൂലി, അഴിമതി, വിവേചനം, ഉദ്യോഗാര്‍ഥി നിയമനത്തിലെ തെറ്റായ പ്രവണതകള്‍ എന്നിവയാണ് തൊഴില്‍മികവ് കുറയാന്‍ കാരണമായി യുവാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. യുവാക്കളില്‍ നേരിട്ടു നടത്തിയ സര്‍വേക്ക്‌ പുറമെ ദേശീയ പഠന വിശകലനവിവരങ്ങളും അപഗ്രഥിച്ചാണ് യുനിസെഫ് പഠനം നടത്തിയത്. 2017-ലെ എന്‍.സി.ഇ.ആര്‍.ടി. വിവരങ്ങളാണ് ഇന്ത്യയിലെ വിലയിരുത്തലിനായി ശേഖരിച്ച മാനദണ്ഡം. ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങളില്‍ ഏറ്റവുംമികച്ച രീതിയില്‍ തൊഴില്‍ പ്രാവീണ്യം നേടിയത് ഭൂട്ടാന്‍കാരാണ്. ഭൂട്ടാനിലെ 81 ശതമാനം യുവാക്കളും വരുംകാല ജോലികള്‍ക്ക്‌ പ്രാപ്തരാണ്. പാകിസ്താന്‍ (40), നേപ്പാള്‍ (46), മാലദ്വീപ് (46), ബംഗ്ലാദേശ് (55) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളുടെ തൊഴില്‍ പ്രാവീണ്യരായ യുവാക്കളുടെ ശതമാനങ്ങള്‍. ഉന്നതവിദ്യാഭ്യാസം നേടിയ 33 ശതമാനത്തോളം ഇന്ത്യന്‍ യുവാക്കള്‍ തൊഴില്‍രഹിതരാണെന്ന് അടുത്തിടെ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഉന്നത പഠനത്തിലെ തെറ്റായ തിരഞ്ഞെടുപ്പാണ് തൊഴില്‍രഹിതരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. തൊഴില്‍ ദാതാക്കള്‍ പ്രതീക്ഷിക്കുന്ന മികവ് പലപ്പോഴും ഉദ്യോഗാര്‍ഥികളില്‍നിന്ന്‌ ലഭിക്കുന്നില്ലെന്നും പഠനത്തില്‍ പറയുന്നു.

Related News