Loading ...

Home National

മൂന്നാമത്തെ ചാന്ദ്രദൗത്യത്തിനൊരുങ്ങി ഐ.എസ്.ആര്‍.ഒ.

ബെംഗളൂരു: ചന്ദ്രന്റെ ഉപരിതലത്തില്‍ പേടകമിറക്കാനുള്ള ദൗത്യത്തിന് വീണ്ടും ഇന്ത്യന്‍ ബഹിരാകാശഗവേഷണസംഘടന(ഐ.എസ്.ആര്‍.ഒ.) ഒരുങ്ങുന്നു. ചന്ദ്രയാന്‍- രണ്ട് ദൗത്യത്തില്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിനിടെ ആശയവിനിമയം നഷ്ടപ്പെട്ട് പേടകം ഇടിച്ചിറങ്ങുകയായിരുന്നു. ഇതിലെ പോരായ്മകള്‍ പരിഹരിച്ച്‌ അടുത്തവര്‍ഷം നവംബറില്‍ പുതിയ ദൗത്യം നടത്താനാണ് തീരുമാനം. ഇതിനുള്ള വിശദ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ ഡയറക്ടര്‍ എസ്. സോമനാഥിന്റെ അധ്യക്ഷതയില്‍ ഉന്നതതലസമിതി രൂപവത്കരിച്ചിട്ടുണ്ട്. ചന്ദ്രയാന്‍ -മൂന്ന് ദൗത്യത്തില്‍ ലാന്‍ഡര്‍ (ചന്ദ്രോപരിതലത്തിലിറങ്ങുന്ന പേടകം), റോവര്‍ (ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച്‌ പര്യവേക്ഷണങ്ങള്‍ നടത്തുന്ന പേടകഭാഗം) എന്നിവയായിരിക്കും ഉള്‍പ്പെടുത്തുന്നത്. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ ചുറ്റി പര്യവേക്ഷണം നടത്തുന്ന പേടകഭാഗമായ 'ഓര്‍ബിറ്റര്‍' അടുത്ത ദൗത്യത്തിലുണ്ടാവില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവ അടങ്ങിയതായിരുന്നു ചന്ദ്രയാന്‍- രണ്ട് ദൗത്യം. എന്നാല്‍, ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്നതിന്റെ അവസാനഘട്ടത്തിലാണ് ശാസ്ത്രജ്ഞര്‍ക്ക് 'ലാന്‍ഡറു'മായുള്ള ആശയവിനിമയം നഷ്ടമായത്. ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയ 'ലാന്‍ഡറി'നെ കണ്ടെത്താനുള്ള ശ്രമം വിജയിച്ചിട്ടില്ല.

Related News