Loading ...

Home USA

കാലഫോര്‍ണിയയില്‍ സ്‌കൂളില്‍ വെടിവയ്പ്പ്: രണ്ട് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു

ലോസ് ആഞ്ചലസ്: അമേരിക്കയിലെ കാലഫോര്‍ണിയയില്‍ സ്‌കൂളിലുണ്ടായ വെടിവയ്പില്‍ രണ്ട് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് പരിക്കേറ്റു. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയാണ് വെടിയുതിര്‍ത്തത്. സ്‌കൂള്‍ സമയം ആരംഭിച്ച്‌ നിമിഷങ്ങള്‍ക്കുള്ളിലാണ് ബാഗിലൊളിപ്പിച്ച കൊത്തോക്കെടുത്ത് വിദ്യാര്‍ഥി സഹപാഠികള്‍ക്കുനേരെ വെടിയുതിര്‍ത്തത്. വിദ്യാര്‍ഥിയുടെ 16ാം പിറന്നാളായ വ്യാഴാഴ്ചയായിരുന്നു സംഭവം. ലോസ് ആഞ്ചലസില്‍നിന്ന് 30 മൈല്‍ അകലെയുള്ള സോഗസ് ഹൈസ്‌കൂളിലാണ് സംഭവമുണ്ടായത്. തോക്കില്‍ അവശേഷിച്ച വെടിയുണ്ടയുതിര്‍ത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥി ചികില്‍സയിലാണ്. തലയ്ക്ക് പരിക്കേറ്റെങ്കിലും അപകടനില തരണം ചെയ്തതായി പോലിസ് അറിയിച്ചു. വിദ്യാര്‍ഥിയെക്കുറിച്ചുള്ള വിവരങ്ങള്‍ പോലിസ് പുറത്തുവിട്ടിട്ടില്ല. പോലിസ് കസ്റ്റഡിയിലാണ് വിദ്യാര്‍ഥിയിപ്പോള്‍. ഏകദേശം 2,400 വിദ്യാര്‍ഥികള്‍ സോഗസ് ഹൈസ്‌കൂളിലുണ്ട്. സ്‌കൂളില്‍നിന്ന് ലഭിച്ച വീഡിയോ ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ ഒരുസ്ഥലത്ത് നിലയുറപ്പിച്ചാണ് വിദ്യാര്‍ഥി വെടിവച്ചതെന്നും 16 സെക്കന്‍ഡുകള്‍ക്കുള്ളില്‍ വെടിവയ്പ്പ് അവസാനിച്ചുവെന്നും പോലിസ് അധികൃതര്‍ അറിയിച്ചു. പരിക്കേറ്റ ആറുപേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരില്‍ മൂന്ന് പെണ്‍കുട്ടികളുമുള്‍പ്പെടുന്നു. വിദ്യാര്‍ഥിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിച്ചുവരികയാണ്. വിദ്യാര്‍ഥിയുടേതെന്ന് സംശയിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ വ്യാജ അക്കൗണ്ടില്‍ നാളെ സ്‌കൂളില്‍ നല്ല തമാശയുണ്ടാവുമെന്ന് രേഖപ്പെടുത്തിയത് ശ്രദ്ധയില്‍പെട്ടതായി പോലിസ് അറിയിച്ചു. ഇതിനെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. വിദ്യാര്‍ഥിയുടെ വീട് കണ്ടെത്തിയതായും തെളിവുകള്‍ക്കായി തിരച്ചില്‍ നടത്തിവരികയാണെന്നും പോലിസ് കൂട്ടിച്ചേര്‍ത്തു.

Related News