Loading ...

Home sports

ഹോങ്കോങ്‌ ഓപ്പണ്‍ ബാഡ്‌മിന്റണ്‍ സിന്ധുവിനും പ്രണോയ്‌ക്കും ജയം

ഹോങ്കോങ്‌: 2019 ഹോങ്കോങ്‌ ഓപ്പണ്‍ ബാഡ്‌മിന്റണില്‍ ഇന്ത്യന്‍ പ്രതീക്ഷകളുമായി സൂപ്പര്‍ താരം പി.വി. സിന്ധുവും മലയാളി താരം എച്ച്‌.എസ്‌. പ്രണോയ്‌യും രണ്ടാം റൗണ്ടില്‍. അതേസമയം വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ ഉറച്ച പ്രതീക്ഷയായിരുന്ന സൈനാ നെഹ്‌വാളും പുരുഷവിഭാഗത്തില്‍ യുവതാരം സമീര്‍ വര്‍മയും ആദ്യ റൗണ്ടില്‍ തോറ്റു പുറത്തായി. ഇന്നലെ നടന്ന വനിതാ സിംഗിള്‍സില്‍ ദക്ഷിണ കൊറിയയുടെ ലോക 19-ാം നമ്ബര്‍ താരം കിം ഗാ യുന്നിനെയാണ്‌ സിന്ധു തോല്‍പിച്ചത്‌. വെറും 36 മിനിറ്റിനുള്ളില്‍ 21-15, 21-16 എന്ന സ്‌കോറില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം. അതേസമയം പുരുഷ വിഭാഗത്തില്‍ പ്രണോയ്‌ ചൈനയുടെ യു സിയാംഗ്‌ ഹുവാംഗിനെയാണ്‌ തോല്‍പിച്ചത്‌. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു പ്രണോയ്‌ യും ജയിച്ചുകയറിയത്‌. സ്‌കോര്‍. 21-17, 21-17. മത്സരം 44 മിനിറ്റിനുള്ളില്‍ പ്രണോയ്‌ ഫിനിഷ്‌ ചെയ്‌തു.
അരമണിക്കൂര്‍ നീണ്ട മത്സരത്തിനൊടുവിലായിരുന്നു സൈനയുടെ തോല്‍വി. ചൈനയുടെ കായി യാന്‍ യാനിനോടാണ്‌ സൈന പരാജയം സമ്മതിച്ചത്‌. സ്‌കോര്‍ 13-21, 20-22.അതേ സമയം സമീര്‍ വര്‍മ്മ തന്റെ ആദ്യ റൗണ്ട്‌ മത്സരത്തില്‍ പൊരുതി വീഴുകയായിരുന്നു. മൂന്ന്‌ ഗെയിം നീണ്ട മത്സരത്തില്‍ ചൈനീസ്‌ തായ്‌പേയിയുടെ വാങ്‌ സു വെയിയോട്‌ 11-21, 21-13, 8-21 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പരാജയം.

Related News