Loading ...

Home special dish

മയ്യഴിയുടെ രുചിപ്പെരുമ

തലശ്ശേരിയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രക്കിടയിലാണ് മയ്യഴി ദേശം. കേരളത്തിനും കേരളത്തിനുമിടയില്‍ ഒരു വിദേശം. ഒമ്പത് ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയില്‍ പുഴയുടെ ഓരംചേര്‍ന്ന് കടലിന് അഭിമുഖമായി മയ്യഴി. ഇന്ത്യയിലെ ഫ്രഞ്ച് കോളനിയായിരുന്ന  പുതുച്ചേരിയുടെ ഭാഗമായിരുന്നു. 1954 ജൂലൈ 16നാണ് മയ്യഴി സ്വതന്ത്രയായത്. പിന്നീട് à´Žà´‚. മുകുന്ദന്‍ പറഞ്ഞ കഥകളിലൂടെ മയ്യഴിയുടെ ചരിത്രവും സ്വപ്നങ്ങളും ഓര്‍മയും സങ്കടങ്ങളും നിരാശയും  പ്രണയവും വിരഹവുമെല്ലാം ഇതിഹാസങ്ങളായി. ‘കാറ്റാടി മലകളുടെ മുകളില്‍ നിന്ന് ഉദ്ഭവിച്ച് പേരുമാറ്റി കനകമലയുടെ നിഴലിലൂടെ ദാസന്‍റെ കാല്‍ക്കലൂടെ മയ്യഴിപ്പുഴ മയ്യഴിയിലേക്ക് ഒഴുകിക്കൊണ്ടിരുന്നു’ എന്ന് മയ്യഴിയുടെ പുഴനനവ് ഓരോ മലയാളിയും കാല്‍തൊട്ടറിഞ്ഞു. പല സംസ്കാരങ്ങളും രുചികളും അഭിരുചികളും കൂടിക്കലര്‍ന്ന ചെറുദേശമാണ് മയ്യഴി. രുചി ഭേദങ്ങളുടെ നിരവധി ഇടങ്ങള്‍  മയ്യഴി എന്ന ഇന്നത്തെ മാഹിയിലുണ്ട്.65 വര്‍ഷത്തെ പാരമ്പര്യവുമായി  ജനതാ ഹോട്ടല്‍ തലയെടുപ്പോടെ നില്‍ക്കുന്നു. മാഹി പാലത്തിനു സമീപമുള്ള ജനതാ ഹോട്ടലിലെ പ്രധാന വിഭവം തലക്കറിയാണ്. മത്സ്യത്തിന്‍റെ തലകള്‍ ഉപയോഗിച്ചുണ്ടാക്കിയ കറിക്ക് ഏറെ പ്രിയക്കാരുണ്ട്. ഉച്ചയൂണിനൊപ്പമാണ് തലക്കറി. മുള്ളുംതല, കല്ലുമ്മക്കായ ഫ്രൈ എന്നിങ്ങനെയുള്ള മീന്‍വിഭവങ്ങള്‍ ഏറെയാണ്. പുഴമത്സ്യങ്ങളുടെ കറിയും ഫ്രൈയും സുലഭം.  ഊണിന് 30ഉം തലക്കറിക്ക് 35 രൂപയുമാണ് വില. കറിക്ക് തൊട്ടുകൂട്ടാന്‍ അല്‍പം ചോറ് എന്നാണ് ഭക്ഷണപ്രേമികള്‍ പറയുക. മാഹി വിദ്യാനിവാസിലെ പി.കെ. കൃഷ്ണനാണ് ജനതാ ഹോട്ടല്‍ തുടങ്ങിയത്. ഇപ്പോള്‍ മകന്‍ ജയനാണ് നടത്തുന്നത്.കോഴിക്കോടിനും തലശ്ശേരിക്കുമിടയില്‍ മാഹി ബിരിയാണിയുടെ നാട്ടുരുചിയറിയണമെങ്കില്‍ മയ്യഴിയുടെ പ്രാദേശിക രുചിയനുഭവങ്ങളിലൂടെ യാത്ര ചെയ്യണം. മാഹി കോടതിക്ക് സമീപത്തെ ആസാദ് ഹോട്ടലാണ് ബിരിയാണിക്ക് പ്രസിദ്ധം. തനി നാടന്‍ ബിരിയാണിയാണ് ഹോട്ടലിന്‍റെ പ്രത്യേകത. ആസാദ് ഹോട്ടലിന്‍റെ ഉടമ ഒളവിലം വാതുക്കല്‍ പറമ്പത്ത് മുനീറാണ്. ഫിഷ്, ബീഫ്, ചിക്കന്‍ എന്നിവയുടെ ബിരിയാണിയാണ് പ്രധാനം.മാഹിയിലൂടെ ഒരു യാത്ര, ‘മയ്യഴിപ്പുഴയുടെ തീരങ്ങളി’ലെ ലെസ്ലി സായ് വിനെയും കൊറമ്പിയമ്മയെയും ചന്ദ്രിയെയും ഗിരിജയെയും ഓര്‍മിച്ചുകൊണ്ട്.  ‘കുന്നിനു മുകളിലെ മൂപ്പന്‍ സായ് വിന്‍റെ ബംഗ്ലാവില്‍ മാത്രം ശരറാന്തലുകള്‍ പ്രകാശിച്ചു കൊണ്ടിരിക്കും. ബംഗ്ലാവിന്‍റെ പിറകുവശം കുന്നിനു താഴെ സമുദ്രമാണ്. സമുദ്രം നിശ്ചലമായിക്കിടക്കുന്ന രാവുകളില്‍ ബംഗ്ലാവിന്‍റെ ജനവാതിലുകളിലൂടെ പ്രവഹിക്കുന്ന ശരറാന്തലുകളുടെ പ്രകാശം ജനവാതിലുകളുടെ ആകൃതിയില്‍ വെള്ളത്തില്‍ പരന്നുകിടക്കും...’തയാറാക്കിയത്: അനൂപ് അനന്തന്‍

Related News