Loading ...

Home National

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍ ഒറ്റ ഏജന്‍സി: നിര്‍ണായക നീക്കവുമായി കേന്ദ്രം,സുരക്ഷ ഉദ്യോഗസ്ഥ തല ചര്‍ച്ചകള്‍ മുന്നോട്ട്

ഡല്‍ഹി: രാജ്യത്തെ സൈബര്‍ ഭീകരാക്രണമങ്ങള്‍ പ്രതിരോധിക്കുന്നതിനായി ഒരൊറ്റ അതോറിറ്റിയോ ഏജന്‍സിയോ രൂപീകരിക്കാന്‍ ആലോചനയുമായി കേന്ദ്രസര്‍ക്കാര്‍.സൈബര്‍ ആക്രമണത്തിലും സൈബര്‍ ഭീകരപ്രവര്‍ത്തനങ്ങളിലും രാജ്യത്ത് ഭീഷണി വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണ്ണായക നീക്കം. ഇന്ത്യയിലെ ഏറ്റവും വലിയ ആണവനിലയമായ തമിഴ്‌നാട്ടിലെ കുടങ്കുളം ന്യൂക്ലിയര്‍ പവര്‍ പ്ലാന്റിന്റെ വെബ്‌സൈറ്റ് ഈയിടെ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സൈബര്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയുടെ സൈബര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സംരക്ഷിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന പന്ത്രണ്ടിലധികം ഏജന്‍സികളെ ക്രമീകരിച്ച്‌ പുനസംഘടിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ പദ്ധതി. പദ്ധതി ആവിഷ്‌ക്കരിക്കുന്നതിന് മുന്‍പ് വിവിധ രാജ്യങ്ങളിലെ സൈബര്‍ പ്രവര്‍ത്തന മാതൃകകളും സര്‍ക്കാര്‍ പഠനം നടത്തുന്നുണ്ട്. കേന്ദ്രമന്ത്രിസഭയുടെ അനുമതി ലഭിച്ചയുടന്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകും. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ കീഴില്‍ അടുത്തിടെ ആരംഭിച്ച എംഎച്ച്‌എ സൈകോര്‍ഡ് (സൈബര്‍ സഹകരണ കേന്ദ്രം) നിരവധി ഏജന്‍സികളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും ഒരു സൈബര്‍ പ്ലാറ്റ്‌ഫോമാണ്. സൈബര്‍ ലോകത്തെ പ്രതിരോധപ്രവര്‍ത്തനമാണ് സൈകോര്‍ഡ് ലക്ഷ്യമിടുന്നത്. കൂടാതെ ഹാക്കിംഗിലും ഓണ്‍ലൈന്‍ അന്വേഷണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.. ആഭ്യന്തര മന്ത്രാലയത്തിന് ഇതിനകം തന്നെ ദേശീയ സൈബര്‍ ക്രൈം ഭീഷണി അനലിറ്റിക്‌സ് യൂണിറ്റ് (ടിഎയു), പ്ലാറ്റ്‌ഫോം ഫോര്‍ ജോയിന്റ് സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ടീം, നാഷണല്‍ സൈബര്‍ ക്രൈം ഫോറന്‍സിക് ലബോറട്ടറി, സൈബര്‍ ക്രൈം ഇക്കോസിസ്റ്റം മാനേജ്‌മെന്റ് യൂണിറ്റ് എന്നിവ ഉണ്ടായിരുന്നു. ദേശീയ സൈബര്‍ സെക്യൂരിറ്റി കോര്‍ഡിനേറ്റര്‍, ലെഫ്റ്റനന്റ് ജനറല്‍ രാജേഷ് പന്തിന് ഇപ്പോള്‍ ഈ യൂണിറ്റുകളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനം ഏകോപിക്കുന്നതിനായി സര്‍ക്കാര്‍ ചുമതലയും നല്‍കി. 'നാഷണല്‍ സൈബര്‍ സെക്യൂരിറ്റി പോളിസി 2020 ന്റെ പ്രാഥമിക ദൗത്യം ഈ രീതിയിലുള്ള വിവിധ യൂണിറ്റുകളുടെ ഏകീകരണമാണ്. ദേശീയ സുരക്ഷാ സമിതി ഇതിനായി നിരവധി ചര്‍ച്ചകള്‍ നടത്തി വിശാലമായ ചട്ടക്കൂട് തയ്യാറാക്കിയിട്ടുണ്ടെന്നും സുരക്ഷാഉദ്യോഗസ്ഥര്‍ പറയുന്നു. ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റ് (എന്‍എസ്സി), ദേശീയ സാങ്കേതിക ഗവേഷണ ഓര്‍ഗനൈസേഷന്‍ (എന്‍ടിആര്‍ഒ) എന്നിവയ്ക്കും മറ്റ് നിരവധി വകുപ്പുകള്‍ക്കും സ്വന്തമായി സൈബര്‍ യൂണിറ്റുകളുണ്ട് .കമ്ബ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ഇന്ത്യ (CERT.IN), നാഷണല്‍ ക്രിട്ടിക്കല്‍ ഇന്‍ഫര്‍മേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, നാഷണല്‍ സൈബര്‍ കോര്‍ഡിനേറ്റര്‍ സെന്റര്‍ എന്നിവയുള്‍പ്പെടെയുള്ള പ്രത്യേക യൂണിറ്റുകള്‍ വേറെയും പ്രവര്‍ത്തിക്കുന്നു. ദേശീയ സൈബര്‍ സുരക്ഷാ നയം 2013 ലാണ് അവസാനമായി പുറത്തിറക്കിയത്. സൈബര്‍ സുരക്ഷ അവബോധത്തിനും ശുചിത്വത്തിനും പ്രാധാന്യം നല്‍കി 2020ല്‍ പുതിയ ദേശീയ സൈബര്‍ സുരക്ഷാ നയം പുറത്തിറങ്ങും. സ്‌കൂളുകളിലും കോളേജുകളിലും സൈബര്‍ സുരക്ഷ കോഴ്‌സ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സൈബര്‍ ലോകത്ത് ഇന്ത്യയുടെ കഴിവുകള്‍ വികസിക്കുകയും ധാരാളം ഏജന്‍സികള്‍ ഉണ്ടാവുകയും ചെയ്യുന്നു, എന്നാല്‍ തത്സമയ വിവരങ്ങള്‍ പങ്കിടുന്നത് എല്ലായ്‌പ്പോഴും പര്യാപ്തമല്ല. സൈബര്‍ പ്രതിരോധ ശേഷികള്‍ ശക്തിയാര്‍ജ്ജിക്കുക എന്നത് ഒരു രാജ്യത്തിന്റെ നിര്‍ണായകവും തന്ത്രപരവുമായ ആവശ്യകതയാണ്. സൈബര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒരൊറ്റ ഏജന്‍സിയുടെ കീഴില്‍ എത്തുന്നത് വളരെ നല്ല നീക്കമാണെന്നും ് ഞാന്‍ കരുതുന്നു, 'മുന്‍ ടെലികോം സെക്രട്ടറി അരുണ സുദരാജന്‍ പറഞ്ഞു. ലോകമെമ്ബാടും, പ്രതിരോധ സൈബര്‍ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം ഒരൊറ്റ കമാന്‍ഡിനും നിയന്ത്രണത്തിനും കീഴിലാണ്. ഉദാഹരണത്തിന്, സൈബര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പരിരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്തം യുണൈറ്റഡ് കിംഗ്ഡത്തിലെ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്‌സിനാണ് യുഎസിന്റെ ദേശീയ സുരക്ഷാ ഏജന്‍സിക്ക് പൂര്‍ണ്ണമായ നിയന്ത്രണവും ഇതിലുണ്ട്.

Related News