Loading ...

Home National

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തു

ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ശുപാര്‍ശ ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് എട്ടുമണിവരെയാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിലപാടറിയിക്കാന്‍ എന്‍സിപിക്ക് ഗവര്‍ണര്‍ സമയം നല്‍കിയിരുന്നത്. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ് 20 ദിവസമായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ച കത്തില്‍ ഗവര്‍ണര്‍ ആവശ്യപ്പെടുന്നത്. മഹാരാഷ്ട്രയില്‍ ഒരുപാര്‍ട്ടിക്കും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഈയൊരു അനിശ്ചിതാവസ്ഥ ഒഴിവാക്കാന്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നുമാണ് ഗവര്‍ണറുടെ നിര്‍ദ്ദേശത്തിലുള്ളത്. മഹാരാഷ്ട്ര ഗവര്‍ണറുടെ റിപ്പോര്‍ട്ട് വൈകിട്ട് ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗം പരിഗണിക്കും. 288 അംഗ നിയമസഭയില്‍ ബിജെപിക്ക് 105, ശിവസേന-56, എന്‍സിപി-54, കോണ്‍ഗ്രസ് - 44 എന്നിങ്ങനെയാണ് കക്ഷി നില. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ബിജെപിയുമായി ശിവസേന തെറ്റിപ്പിരിഞ്ഞതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. ആദ്യം ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചെങ്കിലും അവര്‍ പിന്മാറിയതിനെ തുടര്‍ന്ന് ശിവസേനയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചിരുന്നു. തിങ്കളാഴ്ച വൈകിട്ട് 7.30 വരെ പിന്തുണ തെളിയിക്കാന്‍ ശിവസേനയ്ക്ക് സാധിക്കാത്തതിനാല്‍ ഗവര്‍ണര്‍ എന്‍സിപിയെ ക്ഷണിച്ചിരുന്നു. എന്‍സിപിക്ക് നല്‍കിയിരുന്ന സമയം രാത്രി എട്ടുമണിക്ക് അവസാനിക്കും. അതേസമയം സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്ക് മൂന്ന് ദിവസം നല്‍കിയ ഗവര്‍ണര്‍ തങ്ങള്‍ക്ക് 24 മണിക്കൂര്‍ മാത്രമാണ് നല്‍കിയതെന്ന് ശിവസേന ആരോപിച്ചിരുന്നു. സര്‍ക്കാരുണ്ടാക്കാന്‍ സാവകാശം നല്‍കാത്തതില്‍ ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് ശിവസേന തീരുമാനം.

Related News