Loading ...

Home Education

'ഇന്ത്യയുടെ സമ്ബത്ത് ബാങ്കുകളിലല്ല, സ്‌കൂളുകളിലാണ്'; ഇന്ന് ദേശീയ വിദ്യാഭ്യാസ ദിനം

പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ എക്കാലവും ഓര്‍മ്മിപ്പിച്ച സ്വതന്ത്ര ഇന്ത്യയുടെ ആദ്യവിദ്യാഭ്യാസമന്ത്രി മൗലാന അബുള്‍ കലാം ആസാദിന്റെ ജന്മദിനമാണ് നവംബര്‍ പതിനൊന്ന്. അദ്ദേഹത്തോടുള്ള ആദരസൂചകമായി രാജ്യം ആ ദിനം ദേശീയ വിദ്യാഭ്യാസദിനമായി ആചരിക്കുകയാണ്. 1888 നവംബര്‍ 11-ന് മക്കയിലാണ് മൗലാനാ അബുള്‍ കലാം ആസാദ് ജനിച്ചത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ വിദ്യാഭ്യാസ നയ രൂപീകരണത്തിന്റെ ശില്പിയായാണ് അദ്ദേഹത്തെ വിലയിരുത്തുന്നത്. 1947 മുതല്‍ 1958 വരെ ഇന്ത്യയുടെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാനാ ആസാദ് വിദ്യാഭ്യാസരംഗത്ത് നിരവധി പരിഷ്‌കാരങ്ങളാണ് നടപ്പിലാക്കിയത്. സാര്‍വത്രികവും സൗജന്യവുമായ പ്രാഥമിക വിദ്യാഭ്യാസം, സാങ്കേതികത, സാക്ഷരത എന്നിവ ഇന്ത്യയുടെ അടിസ്ഥാന ലക്ഷ്യങ്ങളായി കണ്ട മൗലാനാ ആസാദ് അതിനായി അക്ഷീണം പ്രവര്‍ത്തിച്ചു. രാജ്യത്തിന്റെ വികസനം പൂര്‍ണമാകുന്നത് വിദ്യാഭ്യാസത്തിലൂടെയാണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. ഇന്ത്യയുടെ സമ്ബത്ത് ബാങ്കുകളിലല്ല, സ്‌കൂളുകളിലാണെന്ന് പറഞ്ഞ മൗലാനാ ആസാദ് കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കേണ്ടകതിന്റെ ആവശ്യകതയെക്കുറിച്ച്‌ പൂര്‍ണ ബോധവാനായിരുന്നു. പതിനാല് വയസുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യ നിര്‍ബന്ധിത വിദ്യാഭ്യാസം നല്‍കണമെന്ന് അദ്ദേഹം വാദിച്ചു. മൗലാന അബുള്‍ കലാം ആസാദ് വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്ബോഴാണ് 1953ല്‍ യുജിസി (യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍) ക്ക് രൂപം നല്‍കിയത്. 1956ല്‍ ഔദ്യോഗികമായി യുജിസി നിലവില്‍ വന്നു. സെക്കണ്ടറി എജ്യുക്കേഷന്‍ കമ്മീഷന്‍ നിയമിച്ചതും ഓള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷന്‍ (AICTE) സ്ഥാപിച്ചതും അദ്ദേഹമാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ഐഐടി എന്ന ആശയവും ആ പേരും മൗലാനാ ആസാദിന്റെ സംഭാവനകളാണ്. 1951ല്‍ ഖരഗ്പൂരില്‍ രാജ്യത്തെ ആദ്യ ഐഐടി സ്ഥാപിച്ചു. വിദ്യാഭ്യാസ രംഗത്ത് മാത്രമല്ല കലാ-സാംസ്‌കാരിക രംഗത്തും അദ്ദേഹത്തിന്റെ പരിഷ്‌കരണങ്ങള്‍ എത്തി. 1953ല്‍ രൂപം കൊണ്ട സംഗീതനാടക അക്കാദമി, ലളിതകലാ അക്കാദമി (1956), ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് എന്നിവയും അദ്ദേഹത്തിന്റെ സംഭാവനകളാണ്. സ്വാതന്ത്ര്യ സമര സേനാനി, എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ വിശേഷണങ്ങള്‍ക്കെല്ലാം ഉടമയായ ആ പ്രതിഭാശാലിക്ക് മരണാനന്തര ബഹുമതിയായി 1992ല്‍ രാജ്യം ഭാരതരത്ന നല്‍കി ആദരിച്ചു. 1958 ഫെബ്രുവരി 22ന് അദ്ദേഹം അന്തരിച്ചു.

Related News