Loading ...

Home International

ഊബര്‍ പറക്കും ടാക്സി

നമുക്കിഷ്ടമുള്ള സ്ഥലത്തുനിന്ന് എവിടേക്കുവേണമെങ്കിലും വിമാനത്തില്‍ പറക്കാവുന്ന യുഗം പിറക്കുന്നു. നിലവിലുള്ളതുപോലെയുള്ള വിമാനത്താവളങ്ങളുടെ ആവശ്യമില്ല. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ചെറുവിമാനങ്ങളാവും ഇനി നഗരങ്ങളിലൂടെ യാത്രക്കാരുമായി പറക്കുക. നീണ്ടുകിടക്കുന്ന വാഹനവ്യൂഹത്തില്‍നിന്നു പുറത്തുകടക്കാന്‍ കാത്തുകെട്ടിക്കിടക്കേണ്ടതില്ല. കൃത്യസമയത്ത് ഓഫിസിലോ മീറ്റിങ്ങുകള്‍ക്കോ എത്തിച്ചേരാം. പ്രശസ്ത ഓണ്‍ലൈന്‍ ടാക്സി സര്‍വീസായ ഊബര്‍ നടപ്പാക്കുന്ന എയര്‍ ടാക്സികളാണ് യാത്രാരംഗത്ത് വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുന്നത്. ഒരുതവണ ചാര്‍ജ് ചെയ്തുകഴിഞ്ഞാല്‍ 240 കിലോമീറ്റര്‍ നിര്‍ത്താതെ പറക്കാന്‍ കഴിയുന്നവയാണ് ഈ വിമാനങ്ങള്‍. 2023 ല്‍ തുടക്കം കുറിക്കാന്‍ കഴിയുംവിധമാണ് കാര്യങ്ങള്‍ മുന്നേറുന്നത്. അടുത്ത വര്‍ഷം മുതല്‍ പരീക്ഷണപ്പറക്കലുകള്‍ തുടങ്ങും. ഊബര്‍ എലിവേറ്റ് എന്നാണ് പുതിയ സംരംഭത്തിനു പേര്. ലോകമെമ്ബാടുമുള്ള വിദഗ്ധരെയും സംരംഭകരെയും വിളിച്ചു ചേര്‍ത്ത് യുഎസ് തലസ്ഥാനമായ വാഷിങ്ടണ്‍ ഡിസിയില്‍ നടത്തിയ ഉച്ചകോടിയില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഉച്ചകോടിയില്‍ പങ്കെടുത്ത്, പറക്കുന്ന ടാക്സികള്‍ക്കു പിന്തുണ അറിയിച്ചത് അമേരിക്കയിലെ ഗതാഗത സെക്രട്ടറി എലയ്ന്‍ ഷാവോ ഉള്‍പ്പെടെയുള്ളവരാണ്. കൂടാതെ സെനറ്റര്‍മാരും, നാസ, യുഎസ് സൈന്യം എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു. ഭാവി ഗതാഗത സംവിധാനത്തില്‍ ന്യൂജെന്‍ പരിഷ്കാരങ്ങള്‍ കടന്നുകയറുകയാണ്. അതിന്റെ ഭാഗമാണ് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനങ്ങളുടെ കടന്നുവരവും. ഡ്രൈവറില്ലാ ടാക്സി കാറുകള്‍ ഉടന്‍ ഊബര്‍ നിരത്തിലെത്തിക്കും. വോള്‍‌വോയുമായി ചേര്‍ന്നാണ് ഈ സംരംഭം. EVITOL( ഇലക്‌ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക്- ഓഫ് ആന്‍ഡ് ലാന്‍ഡിങ്) എന്നറിയപ്പെടുന്ന വിമാനങ്ങള്‍ ലോകോത്തര വിമാന നിര്‍മാണ കമ്ബനികള്‍തന്നെയാണ് പുറത്തിറക്കുന്നത്. ഒറോറ (ബോയിങ്), എംബ്രയര്‍, കരേം എയര്‍ക്രാഫ്റ്റ്, പിപിസ്ട്രെല്‍ വെര്‍ട്ടിക്കല്‍ സൊല്യൂഷന്‍സ്, പ്രമുഖ ഹെലികോപ്റ്റര്‍ നിര്‍മാതാക്കളായ ബെല്‍ എന്നീ കമ്ബനികളാണ് ഊബറിന്റെ എയര്‍ടാക്സി ലോകത്തിനു ചെറുവിമാനങ്ങളെ സമ്മാനിക്കുക. നാലുപേര്‍ക്കിരിക്കാവുന്നവയാണ് വിമാനങ്ങള്‍. ഉച്ചകോടിയില്‍ പുതിയ വിമാനത്തിന്റെ പൂര്‍ണ മാതൃക പ്രദര്‍ശിപ്പിച്ചിരുന്നു. കൂടാതെ ഓരോ വിമാന കമ്ബനികളും പുറത്തിറക്കുന്ന വിമാനങ്ങളുടെ ചെറുപതിപ്പുകളും ഉച്ചകോടി നടന്ന റൊണാള്‍ഡ് റീഗന്‍ ബില്‍ഡിങ്ങില്‍ പ്രദര്‍ശനത്തിനു വച്ചിട്ടുണ്ടായിരുന്നു. കെട്ടിടങ്ങള്‍ക്കു മുകളിലൂടെ ഊളിയിട്ട് നഗരത്തിരക്കുകള്‍ക്കു മുകളിലൂടെ പറക്കുന്ന അനുഭവം പകരുന്ന എയര്‍ടാക്സി യാത്ര യാഥാര്‍ഥ്യത്തിന്റെ മുനമ്ബിലെത്തിക്കുംവിധം വെര്‍ച്വല്‍ റിയാലിറ്റി സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. ഷെയര്‍ ടാക്സിയായി നഗരങ്ങളില്‍ സര്‍വീസ് നടത്താനാണ് തീരുമാനം. അമേരിക്കയിലെ ലൊസാഞ്ചലസ്, ഡാലസ് എന്നിവിടങ്ങളില്‍ ആരംഭിക്കുന്ന എയര്‍ ടാക്സി. അമേരിക്കയ്ക്കു പുറത്ത് ആദ്യം ആരംഭിക്കുന്ന നഗരം ഓസ്ട്രേലിയയിലെ മെല്‍ബണാണ്. 2020ല്‍ ഈ നഗരങ്ങളില്‍ പരീക്ഷണപ്പറക്കലുകള്‍ തുടങ്ങും. 2023ല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കും ഗതാഗതക്കുരുക്കുകള്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും പരിഹരിക്കപ്പെടാത്ത പ്രശ്നമായി തുടരുമ്ബോഴാണ് ഒറ്റയടിക്ക് ഇവ ഒഴിവാക്കാന്‍ എയര്‍ടാക്സികളുടെ വരവ്. വൈദ്യുതിയില്‍ പറക്കുന്നതായതിനാല്‍ അന്തരീക്ഷ മലിനീകരണത്തിന്റെ പ്രശ്നവുമില്ല. മണ്ണിലും വിണ്ണിലും വൈദ്യുതി വാഹനങ്ങള്‍ തരംഗം സൃഷ്ടിക്കുമ്ബോള്‍ വാഹനങ്ങള്‍വഴിയുള്ള മലിനീകരണത്തോത് കുറഞ്ഞുകിട്ടും. അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസ, യുഎസ് സൈന്യത്തിന്റെ റിസര്‍ച്ച്‌ ആന്‍ഡ് എന്‍ജിനീയറിങ് കമാന്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളുമായും ഊബര്‍ കരാറിലേര്‍പ്പെട്ടിട്ടുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേക രീതിയില്‍ രൂപകല്‍പനചെയ്ത വിമാനത്താവളങ്ങള്‍ നിര്‍മിച്ച്‌ അവിടെനിന്നാണ് എയര്‍ടാക്സി പ്രവര്‍ത്തിപ്പിക്കുക. സ്കൈപോര്‍ട് എന്നു പേരിട്ടിരിക്കുന്ന ഈ വിമാനത്താവളങ്ങള്‍ ബഹുനില മന്ദിരങ്ങളായിരിക്കും. ഷോപ്പിങ് മാളുകളും ഫുഡ്കോര്‍ട്ടുകളും അടങ്ങിയ കെട്ടിടസമുച്ചയത്തിന്റെ ടെറസിലാണ് വിമാനങ്ങള്‍ പറന്നിറങ്ങുക. ഒട്ടേറെ ചെറു‌വിമാനങ്ങള്‍ക്ക് ഒരേസമയം പറന്നിറങ്ങാനും പാര്‍ക്ക് ചെയ്യാനും സൗകര്യമുണ്ടാകും. ബാറ്ററികള്‍ റീചാര്‍ജ് ചെയ്യാനും സൗകര്യങ്ങളുണ്ട്. സ്കൈപോര്‍ട് നിര്‍മാണത്തിനായി ആഗോള റിയല്‍ എസ്റ്റേറ്റ്, ലൈഫ്സ്റ്റൈല്‍ ഭീമനായ റിലേറ്റഡ് എന്ന കമ്ബനിയുമായി കൈകോര്‍ക്കുന്നു. ന്യൂയോര്‍ക്ക് ആസ്ഥാനമായ റിലേറ്റഡിന് ലോകമെമ്ബാടും ഓഫിസുകളും പ്രോജക്ടുകളുമുണ്ട്.ഊബര്‍ എലിവേറ്റിന്റെ സ്കൈപോര്‍ട് ഗ്രൗണ്ട് പ്രവര്‍ത്തനങ്ങള്‍ക്കായി സിഗ്നേച്ചര്‍ എന്ന കമ്ബനിയുമായാണ് കരാര്‍. ഏറ്റവും കുറഞ്ഞ ചെലവില്‍ പരമാവധി സൗകര്യം എന്നതാണ് എ‌യര്‍ടാക്സി ലക്ഷ്യം. യാത്രാസുഖം, സുരക്ഷിതത്വം എന്നിവ അടിസ്ഥാനപ്രമാണമായി സ്വീകരിച്ചുള്ള രൂപകല്‍പനയാണ് EVITOL വിമാനങ്ങള്‍ക്ക് നിര്‍മാണ കമ്ബനികള്‍ സ്വീകരിച്ചിരിക്കുന്നത്. നിലവില്‍ പൈലറ്റ് നിയന്ത്രിത വിമാനങ്ങള്‍ ഘട്ടംഘട്ടമായി പൂര്‍ണമായും ഓട്ടമേറ്റഡ് ആക്കി മാറ്റും. അതിനുള്ള സംവിധാനങ്ങള്‍ ഇപ്പോള്‍ത്തന്നെ പുറത്തിറക്കുന്ന വിമാനങ്ങളിലുണ്ടാകും.

Related News