Loading ...

Home Kerala

സൂര്യനെ സ്വര്‍ണവലയമായി കാണാം; ഡിസംബര്‍ 26-ന്

കോട്ടയ്ക്കല്‍: എട്ടുവര്‍ഷത്തിനുശേഷം പിന്നെയുമൊരു വലയസൂര്യഗ്രഹണം വരുന്നു. ഡിസംബര്‍ 26-ന് കേരളത്തില്‍ മാത്രമാവും ഇത് ദൃശ്യമാവുക. സൂര്യന്‍ ഭംഗിയേറിയ സ്വര്‍ണവലയംപോലെ പ്രത്യക്ഷമാകുന്നതാണ് വലയഗ്രഹണം. ചന്ദ്രന്‍ ഭൂമിയെ ചുറ്റുമ്ബോള്‍ താരതമ്യേന ദൂരെയുള്ള സ്ഥാനത്തായിരിക്കുമ്ബോഴാണ് വലയഗ്രഹണം സംഭവിക്കുക. ഇത്തവണ വലയസൂര്യനെ നന്നായി കാണാവുന്നത് കല്പറ്റയിലാണെന്ന് ജ്യോതിശ്ശാസ്ത്രവിദഗ്ധന്‍ പ്രൊഫ.കെ. പാപ്പുട്ടി പറഞ്ഞു. എന്നാല്‍ അവിടെ കോടമഞ്ഞുള്ള സമയമായതിനാല്‍ ദൃശ്യം എത്രമാത്രം വ്യക്തമാവും എന്ന് പറയാനാവില്ല. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം തുടങ്ങിയ വടക്കന്‍ജില്ലകളിലാണ് സംസ്ഥാനത്ത് വലയം കൂടുതല്‍ ദൃശ്യമാവുക. രാവിലെ 8.05-മുതല്‍ 11.15 വരെയാണ് ഗ്രഹണം. 9.30 ആണ് ഗ്രഹണം ഏറിയ സമയം. കണ്ണുകൊണ്ട് നേരിട്ട് വലയം നോക്കുന്നത് സുരക്ഷിതമല്ല. എക്ലിപ്‌സ് വ്യൂവേഴ്‌സ് കണ്ണട ഉപയോഗിക്കാം. ദൂരദര്‍ശിനി വഴി ഫില്‍ട്ടര്‍ ഉപയോഗിച്ചോ സ്‌ക്രീനിലേക്ക് പതിപ്പിച്ചോ കാണാം. ശാസ്ത്രാധ്യാപകരുടെ കൂട്ടായ്മയായ ലേണിങ് ടീച്ചേഴ്‌സ് വലയസൂര്യഗ്രഹണത്തെക്കുറിച്ചുള്ള സംശയനിവാരണത്തിനും ഗ്രഹണം കാണാനുമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ടെന്ന് കണ്‍വീനര്‍ കെ.പി. മനോജ് പറഞ്ഞു. താത്പര്യമുള്ളവര്‍ക്ക് 9446352439 എന്ന നമ്ബറില്‍ ബന്ധപ്പെടാം. 2011-ലാണ് ഇതിനുമുമ്ബ് പൂര്‍ണവലയഗ്രഹണമുണ്ടായത്. അന്ന് കോവളത്താണ് പൂര്‍ണവലയം കണ്ടത്. അടുത്തത് 2031-ല്‍ തെക്കന്‍കേരളത്തിലാണ് ദൃശ്യമാവുക.

Related News