Loading ...

Home National

പ്രസ്‌കൗണ്‍സില്‍ സംഘത്തിന്‌ കശ്‌മീര്‍ സന്ദര്‍ശിക്കാന്‍ വിലക്ക്‌

ന്യൂഡല്‍ഹി > പൗരാവകാശങ്ങള്‍ക്ക്‌ കര്‍ശന നിയന്ത്രണമേര്‍പ്പടുത്തിയ കശ്‌മീരില്‍ പ്രസ്‌ കൗണ്‍സിലിന്റെ വസ്‌തുതാന്വേഷണം സംഘം സന്ദര്‍ശിക്കുന്നതിന്‌ അപ്രഖ്യാപിത വിലക്ക്‌. പ്രസ്‌കൗണ്‍സില്‍ ചെയര്‍മാന്‍തന്നെയാണ്‌ സന്ദര്‍ശനത്തിന്‌ തടയിട്ടത്. വസ്‌തുതാന്വേഷണസംഘത്തിന്റെ യാത്ര തടയുന്ന ചെയര്‍മാന്‍ ജസ്‌റ്റിസ്‌ സി കെ പ്രസാദിനെതിരെ കൗണ്‍സില്‍ എതിര്‍പ്പുയര്‍ന്നു.ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്ന്‌ മാധ്യമപ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ ഫോണ്‍--ഇന്റര്‍നെറ്റ്‌ സംവിധാനങ്ങള്‍ നിഷേധിച്ചത്‌ സംബന്ധിച്ച്‌ അന്വേഷിക്കാന്‍ വസ്‌തുതാന്വേഷണസംഘത്തെ നിയോഗിക്കാന്‍ ആഗസ്‌ത്‌ 22ന്‌ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച്‌ നാലംഗസമിതി രൂപീകരിച്ചു. പി കെ ഡാഷ്‌ ആയിരുന്നു സമിതി കണ്‍വീനര്‍. രൂപീകരിച്ചിട്ട്‌ രണ്ടുമാസം കഴിഞ്ഞിട്ടും ഈ സംഘത്തിന്‌ താഴ്‌വര സന്ദര്‍ശിക്കാനായിട്ടില്ല. വിനോദസഞ്ചാരികള്‍ക്കുള്ള നിയന്ത്രണം നീക്കി, യൂറോപ്യന്‍ യൂണിയനിലെ പാര്‍ലമെന്റംഗങ്ങളെ സര്‍ക്കാര്‍തന്നെ കൊണ്ടുവന്നു. എന്നിട്ടും പ്രസ്‌ കൗണ്‍സില്‍ അംഗങ്ങള്‍ക്ക്‌ പോകാന്‍ കഴിഞ്ഞിട്ടില്ല--കൗണ്‍സില്‍ അംഗവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ജയ്‌ശങ്കര്‍ ഗുപ്‌ത പറഞ്ഞു. പ്രസ്‌ കൗണ്‍സില്‍ അംഗങ്ങള്‍ക്ക്‌ കലാപബാധിത പ്രദേശങ്ങളില്‍പോലും വാഹനം, താമസം, സുരക്ഷ ഉള്‍പ്പെടെ മുഴുവന്‍ സംവിധാനങ്ങളും സര്‍ക്കാര്‍ ഒരുക്കിനല്‍കാറുണ്ട്‌. സ്വതന്ത്രസംവിധാനമായ പ്രസ്‌ കൗണ്‍സിലിന്റെ അധികാരമാണ്‌ കവരുന്നത്‌--ഗുപ്‌ത പറഞ്ഞു.നേരത്തെ ആശയവിനിമയസംവിധാനം തടഞ്ഞതിനെതിരെ കശ്‌മീര്‍ ടൈംസിന്റെ എക്‌സിക്യൂട്ടീവ്‌ എഡിറ്റര്‍ അനുരാധ ഭാസിന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലും സര്‍ക്കാര്‍ നടപടിയെ ന്യായീകരിക്കുന്ന നിലപാടായിരുന്നു പ്രസ്‌ കൗണ്‍സില്‍ ചെയര്‍മാന്‍ കൈക്കൊണ്ടത്‌.

Related News