Loading ...

Home Education

യുവശാസ്ത്രജ്ഞരെ കണ്ടെത്തുവാന്‍ പദ്ധതി ആവിഷ്‌കരിക്കും : മന്ത്രി സി. രവീന്ദ്രനാഥ്

തിരുവനന്തപുരം : ഈ വര്‍ഷത്തെ ശാസ്ത്രോത്സവത്തില്‍ നിന്ന് തെരഞ്ഞെടുക്കുന്ന കുട്ടികളെ ശാസ്ത്രജ്ഞരാക്കുവാന്‍ പദ്ധതി ആവിഷ്കരിക്കുമെന്ന് മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു . വളരെ മികച്ച പരിശീലനം നല്കി കുട്ടികളെ പുതിയ ശാസ്ത്രമേഖലകളില്‍ എത്തിക്കുവാനാണ് പദ്ധതി തയ്യാറാക്കുന്നത്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂളുകളിലെ 30 വീതം കുട്ടികളെ തെരഞ്ഞെടുക്കും. അവര്‍ക്ക് ജനകീയ വേദികളില്‍ ശാസ്ത്ര മികവുകള്‍ അവതരിപ്പിക്കാന്‍ വീണ്ടും അവസരങ്ങളൊരുക്കും. 14 ജില്ലകളില്‍ നിന്നുമുള്ള കുട്ടികള്‍ക്കായി റിയാലിറ്റി ഷോയുടെ മാതൃകയില്‍ വീണ്ടും മത്സരമൊരുക്കും. മിടുക്കരായ മൂന്നുപേര്‍ക്ക് കൈരളി യുവശാസ്ത്രജ്ഞ/ശാസ്ത്രജ്ഞന്‍ അവാര്‍ഡുകള്‍ നല്കും. കേരളത്തിന്റെ നോബല്‍ സമ്മാനമായി കൈരളി അവാര്‍ഡ് മാറുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി . ശാസ്ത്രോത്സവത്തിലെ അന്വേഷണഭാവമുള്ള കുട്ടികളില്‍ നിന്നാവും ഇതിനായി തെരഞ്ഞെടുക്കുക. ഈ ശാസ്ത്രോത്സവത്തില്‍ ഭാവനയുള്ള കുട്ടികളെ കണ്ടെത്താന്‍ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അവരില്‍ നിന്നു പ്രതിഭാധനരായ മൂന്നുപേരെ വീതം ഹൈസ്കൂള്‍/ഹയര്‍സെക്കന്ററി ക്ലാസുകളില്‍ നിന്ന് തെരഞ്ഞെടുക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഇതിനുള്ള പ്രവര്‍ത്തന പദ്ധതികള്‍ നടപ്പിലാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. കുട്ടികളുടെ കഴിവുകളെ അംഗീകരിച്ച്‌ ശാസ്ത്രജ്ഞരായി വളര്‍ത്തിയെടുക്കാനുള്ള ആദ്യത്തെ ശ്രമമാണിത്. ശാസ്ത്രോത്സവത്തിന് തുടര്‍ച്ചയുണ്ടാകണമെന്ന ആശയത്തിന്റെ വെളിച്ചത്തിലാണ് ഈ നവപദ്ധതി തയ്യാറാക്കിയതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു .

Related News