Loading ...

Home National

പതിനാറാം ആസിയാന്‍- ഇന്ത്യ ഉച്ചകോടി: സ്വതന്ത്രവ്യാപരക്കരാര്‍ സന്തുലിതമാക്കാനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമായി

ഇന്ത്യയും പത്തംഗ ആസിയാന്‍ രാഷ്ട്രങ്ങളും തമ്മിലുള്ള സ്വതന്ത്രവ്യാപരക്കരാര്‍ സന്തുലിതമാക്കാനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം. വ്യാപരക്കരാര്‍ ഇരു കക്ഷികള്‍ക്കും പ്രയോജനപ്പെടുന്നതലത്തിലേക്ക് ഉയരണമെന്നത് ഇന്ത്യന്‍ കര്‍ഷക-വ്യാപാര സംഘടനകളുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ്. 2003ല്‍ ഇന്ത്യയും ആസിയാന്‍ രാഷ്ട്രങ്ങളും ഒപ്പിട്ട സമഗ്ര സാമ്ബത്തിക സഹകരണ ചട്ടക്കൂട് കരാറാണ് സ്വതന്ത്രവ്യാപാര കരാറിലേക്ക് നയിച്ചത്. 2009ല്‍ ഇന്ത്യ-അസിയാന്‍ ട്രേഡ് ഇന്‍ ഗുഡ്സ് എഗ്രിമെന്റ് ഒപ്പിട്ടു. ഇന്ത്യയിലേക്ക് അസിയാന്‍ രാഷ്ട്രങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ ഇറക്കുമതിചെയ്യപ്പെടാന്‍ ഇത് അവസരമൊരുക്കി. ഈ കരാര്‍ പരിഷ്‌കരിക്കാനാണ് ചര്‍ച്ച തുടങ്ങിയത്. ആസിയാനുമായുള്ള സ്വതന്ത്രവ്യാപാരക്കരാര്‍ ഇന്ത്യക്ക് കാര്യമായ നേട്ടമുണ്ടാക്കിയില്ലെന്ന് നിതി ആയോഗ് അടുത്തിടെ ചൂണ്ടിക്കാട്ടി. ദക്ഷിണ കൊറിയ, ജപ്പാന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കാര്യമായി കടന്നുകയറാനായില്ല. അതേസമയം അസിയാന്‍ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണി നിറഞ്ഞു. നിരവധി ഇന്ത്യന്‍ ഗ്രാമീണ വ്യവസായങ്ങള്‍ തകരാനും കരാര്‍ വഴിവച്ചു. ഇതോടെയാണ് കരാര്‍ പുന:പരിശോധിക്കണമെന്ന സമ്മര്‍ദം ശക്തമായത്. സ്വതന്ത്രവ്യാപാര കരാര്‍ ലളിതവും സൗഹാര്‍ദപരവുമാക്കുന്ന ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചതായി ഇന്ത്യന്‍ വിദേശമന്ത്രാലയ സെക്രട്ടറി വിജയ് ഠാക്കൂര്‍സിങ് പറഞ്ഞു. പത്തംഗ അസിയാന്‍ രാഷ്ട്രങ്ങളിലെ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ കൂടിക്കാഴ്ചയില്‍ സ്വതന്ത്രവ്യാപാരക്കരാര്‍ ചര്‍ച്ചയായി. കരാര്‍ പുന:പരിശോധിക്കാനുള്ള നടപടി സ്വാഗതം ചെയ്യുന്നതായി മോഡി പറഞ്ഞു. ഭീകരവിരുദ്ധപ്രവര്‍ത്തനത്തില്‍ ഒറ്റക്കെട്ടായി നീങ്ങാനും തെക്കന്‍ ചൈനാകടലില്‍ സമാധാനം ഉറപ്പാക്കാനും ഉച്ചകോടിയില്‍ ചര്‍ച്ച നടന്നു.

Related News