Loading ...

Home Education

സിമാറ്റ്, ജിപാറ്റ് പരീക്ഷ ജനുവരി 28-ന്; അപേക്ഷ നവംബര്‍ 30 വരെ

പോസ്റ്റ് ഗ്രാജ്വേറ്റ് മാനേജ്‌മെന്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള കോമണ്‍ മാനേജ്‌മെന്റ് അഡ്മിഷന്‍ ടെസ്റ്റ് (സിമാറ്റ്) 2020, പോസ്റ്റ് ഗ്രാജ്വേറ്റ് ഫാര്‍മസി പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള ഗ്രാജ്വേറ്റ് ഫാര്‍മസി ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (ജിപാറ്റ്) 2020 എന്നിവയ്ക്ക് വെള്ളിയാഴ്ച മുതല്‍ അപേക്ഷിക്കാം. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) ജനുവരി 28-നാണ് കംപ്യൂട്ടര്‍ അധിഷ്ഠിത രീതിയിലുള്ള രണ്ടു പരീക്ഷകളും നടത്തുന്നത്. സിമാറ്റ് രാവിലെ 9.30 മുതല്‍ 12.30 വരെയും ജിപാറ്റ് ഉച്ചയ്ക്ക് 2.30 മുതല്‍ 5.30 വരെയുമാണ്. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ 10+2+3 രീതിയില്‍ നേടിയ ബിരുദമുള്ളവര്‍ക്ക് സിമാറ്റിന് അപേക്ഷിക്കാം. 10+2 കഴിഞ്ഞ് ഫാര്‍മസിയില്‍ ബാച്ചിലര്‍ ബിരുദമെടുത്തവര്‍ക്ക് ജിപാറ്റിന് അപേക്ഷിക്കാം. ലാറ്ററല്‍ എന്‍ട്രി വഴി ബി.ഫാം യോഗ്യത നേടിയവരും അപേക്ഷിക്കാന്‍ അര്‍ഹരാണ്. രണ്ട് പരീക്ഷകള്‍ക്കും യോഗ്യതാ പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി ഇല്ല. സിമാറ്റ് പരീക്ഷാഘടന: ക്വാണ്ടിറ്റേറ്റീവ് ടെക്‌നിക്‌സ് ആന്‍ഡ് ഡേറ്റ ഇന്റര്‍പ്രറ്റേഷന്‍, ലോജിക്കല്‍ റീസണിങ്, ലാംഗ്വേജ് കോംപ്രിഹന്‍ഷന്‍, ജനറല്‍ അവയര്‍നസ് എന്നിവയില്‍നിന്ന് 25 വീതം മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ ഉണ്ടാകും. ജിപാറ്റ് പരീക്ഷാഘടന: 125 ഒബ്ജക്ടീവ് ടൈപ്പ്, മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും. ഫാര്‍മസി വിഷയവുമായി ബന്ധപ്പെട്ടാകും ചോദ്യങ്ങള്‍. രണ്ടിലും ശരിയുത്തരത്തിന് നാല് മാര്‍ക്ക്. ഉത്തരം തെറ്റിയാല്‍ ഒരുമാര്‍ക്ക് വീതം നഷ്ടപ്പെടും. അപേക്ഷ: സിമാറ്റ് അപേക്ഷ, https://cmat.nta.nic.in വഴിയും ജി.പാറ്റ് https://gpat.nta.nic.in വഴിയും നവംബര്‍ 30 വരെ നല്‍കാം. കേരളത്തില്‍ എറണാകുളം/അങ്കമാലി/മൂവാറ്റുപുഴ, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവ രണ്ട് പരീക്ഷകള്‍ക്കും കേന്ദ്രമാണ്. ഫലപ്രഖ്യാപനം ഫെബ്രുവരി ഏഴിന് പ്രതീക്ഷിക്കാം. പ്രവേശനം ആഗ്രഹിക്കുന്നവര്‍ തുടര്‍ന്ന് ഈ സ്‌കോര്‍ പരിഗണിക്കുന്ന സ്ഥാപനങ്ങളിലേക്ക് നേരിട്ട് അപേക്ഷിക്കണം.



Related News