Loading ...

Home International

പാകിസ്​താനിലെ തെസ്​ഗാം ട്രെയിനില്‍ ​ തീപിടിച്ചു; 62 മരണം

ഇസ്​ലമാബാദ്​: പാകിസ്​താനിലെ റഹിം യാര്‍ ഖാന്‍ പ്രവിശ്യക്ക്​ സമീപം ട്രെയിനിന്​ തീപിടിച്ച്‌​ 62 പേര്‍ മരിച്ചു. കറാച്ചിയില്‍ നിന്നും റാവല്‍പിണ്ടിയിലേക്ക്​ പോവുകയായിരുന്ന തെസ്​ഗാം ട്രെയിനിലാണ്​ അപകടമുണ്ടായത്​. ട്രെയിനിനുള്ളില്‍ പാചകത്തിന് ഉപയോഗിച്ച ഗ്യാസ് സ്​റ്റൗ പൊട്ടിത്തെറിച്ചാണ്​ തീപിടുത്തമുണ്ടായത്​. യാത്രക്കാര്‍ പ്രഭാതഭക്ഷണം ഉണ്ടാക്കുന്നതിനിടെ ഗ്യാസ് സ്​റ്റൗകള്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് വിവരം. അപകടത്തില്‍ ട്രെയിനിന്‍റെ മൂന്ന് ബോഗികള്‍ പൂര്‍ണ്ണമായി തകര്‍ന്നു. ലിയാഖ്വത്പൂര്‍ നഗരത്തിന് സമീപമായിരുന്നു അപകടമുണ്ടായത്. ട്രെയിനിന് തീപിടിച്ചതോടെ പുറത്തേക്ക്​ എടുത്തു ചാടിയവരാണ് മരിച്ചവരില്‍ ഏറെയും. അപകടത്തില്‍ ഒട്ടേറെ യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്​. മരിച്ചവരെയും ഗുരുതരമായി പരിക്കേറ്റവരെയും ലിയാഖ്വത്​പൂരിലെ ജില്ലാ​ ഹെഡ്​ക്വാ​ട്ടേഴ്​സ്​ ആശുപത്രിയിലേക്ക്​ മാറ്റി. പരിക്കേറ്റ കുറച്ചുപേരെ ബഹവാല്‍പൂരിലെ ബഹവല്‍ വിക്​ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റെയില്‍വേ മന്ത്രി ശെയ്ഖ് റാഷിദ് അഹമ്മദ്​ അറിയിച്ചു. പാചകത്തിന് ഉപയോഗിക്കുകയായിരുന്ന രണ്ട് ഗ്യാസ് അടുപ്പുകളാണ് പൊട്ടിത്തെറിച്ചത്​. പാചകത്തിന് ഉപയോഗിച്ച എണ്ണ കൂടി ഇതിലേക്ക്​ വീണതോടെ തകത്തിപ്പടരുകയായിരുന്നുവെന്നും റെയിവേ മന്ത്രി പറഞ്ഞു. ട്രെയിനില്‍ വാതക​ സിലിണ്ടര്‍ കൊണ്ടുപോകുന്നത്​ നിയമവിരുദ്ധമാണ്​. തീപിടുത്തത്തില്‍ ട്രെയിനിന്‍റെ രണ്ട് ഇക്​ണോമി ക്ലാസ് ബോഗികളും ഒരു ബിസിനസ് ക്ലാസ് ബോഗിയുമാണ് കത്തി നശിച്ചത്. ഇകോണമി ക്ലാസ് ബോഗിയിലെ യാത്രക്കാരന്‍റെ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചതോടെ തീ മറ്റു രണ്ട് ബോഗികളിലേയ്ക്കും പടരുകയായിരുന്നു. വളരെ കുറച്ച്‌​ മൃതദേഹങ്ങള്‍ മാത്രമാണ്​ തിരിച്ചറിഞ്ഞിട്ടുള്ളത്​. കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ ഡി.എന്‍.എ പരിശോധനയിലൂടെ തിരിച്ചറിയുമെന്ന് ജില്ലാ റവന്യൂ സര്‍വീസ് തലവന്‍ ബാഖിര്‍ സുഹൈന്‍ അറിയിച്ചു. കത്തിയ ബോഗികള്‍ ട്രെയിനില്‍ നിന്ന് വേര്‍പെടുത്തിയിട്ടുണ്ട്. അതേസമയം, രണ്ട് മണിക്കൂറിനകം അപകടമുണ്ടായ പാതയിലെ ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് ​െറയില്‍വേ മന്ത്രി പറഞ്ഞു. തീയണച്ചെങ്കിലും അപകടമുണ്ടായ കോച്ചുകള്‍ തണുപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. സംഭവത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അനുശോചനം അറിയിച്ചു. പരിക്കേറ്റ യാത്രക്കാര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്​. പാക് സൈന്യത്തിന്‍റെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച്‌ പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്ക്​ മാറ്റുന്നുണ്ടെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Related News